ന്യൂഡൽഹി: കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, നവ-പുനരുപയോഗ ഊർജമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശപ്രകാരം ഈ അധിക ചുമതല ജോഷിക്ക് നൽകിയത്.
നിലവിൽ പ്രഹ്ലാദ് ജോഷി ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയവും നവ-പുനരുപയോഗ ഊർജ മന്ത്രാലയവും കൈകാര്യം ചെയ്യുന്നു. പുതിയ ക്രമീകരണപ്രകാരം ഈ വകുപ്പുകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ചുമതല അദ്ദേഹം വഹിക്കും.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ തുടർച്ച ഉറപ്പാക്കുന്നതിനായാണ് അധിക ചുമതല നൽകുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ ക്രമീകരണം ഉടൻ പ്രാബല്യത്തിൽ വന്നു.

