തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: അധികാരത്തോടുള്ള ജനവിധിയുടെ ഭാഷ

എഡിറ്റോറിയൽ


കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ അത് കേവലമൊരു രാഷ്ട്രീയ കണക്കുകൂട്ടലായി മാത്രം ചുരുക്കിക്കാണാൻ കഴിയില്ല. അധികാരത്തോടും ഭരണശൈലിയോടും സമൂഹം നടത്തുന്ന , നിശ്ശബ്ദമായെങ്കിലും ശക്തമായ തിരിച്ചടിയായാണ് ഈ ഫലങ്ങളെ വ്യാഖ്യാനിക്കേണ്ടത്. ജനാധിപത്യത്തിന്റെ അടിത്തറയിൽ നിൽക്കുന്ന പൗരൻ തന്റെ വോട്ടവകാശം എങ്ങനെ കൃത്യമായി ഉപയോഗിക്കുന്നു എന്നത് ഈ തെരഞ്ഞെടുപ്പ് വ്യക്തമായി തുറന്നുകാട്ടുന്നു.


പൊതുവെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ തുടർന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മുന്നറിയിപ്പായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഇത്തവണയും ആ വിലയിരുത്തൽ പ്രസക്തമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്ക് അപ്പുറം, ജീവിതാനുഭവങ്ങളും സാമ്പത്തിക–സാമൂഹിക യാഥാർത്ഥ്യങ്ങളും ജനവിധിയെ സ്വാധീനിക്കുന്നുവെന്നത് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നു. ജനങ്ങൾ വെറും മുദ്രാവാക്യങ്ങളിലേക്കോ വികാരാഭിനിവേശങ്ങളിലേക്കോ കണ്ണുംനട്ടിരിക്കുന്നില്ല, അവർ പ്രായോഗികത തേടുന്നുവെന്ന് സാരം.


അസത്യങ്ങളുടെ മറവിൽ അധികാരം നിലനിർത്താമെന്ന ധാരണ എത്രകാലം നിലനിൽക്കും? എല്ലിൻകഷണം കാട്ടി ജനങ്ങളെ മെരുക്കാമെന്ന സമീപനം ഇനിയൊട്ടും നടക്കില്ല. ഭരണപ്രക്രിയകളിലെ കണ്ണടച്ചിരുട്ടാക്കലിനോടുള്ള ജനങ്ങളുടെ അസഹിഷ്ണുതയാണ് ഇത്തവണത്തെ വിധിയെന്ന് നിശംസയം പറയാം. അധികാരികൾ ഉത്തരവാദിത്തം മറന്നാൽ ജനങ്ങൾ മറുപടി നൽകുമെന്ന ലളിതമായ സത്യം ഇതോടെ വീണ്ടും പുറത്തുവന്നിരിക്കുന്നു.


ഈ തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിച്ച ഘടകങ്ങളിൽ ഒന്ന് സോഷ്യൽ മീഡിയയാണ്. പരമ്പരാഗത മാധ്യമങ്ങൾ നൈതികമായ മാധ്യമപ്രവർത്തനത്തിൽ നിന്ന് വഴിമാറി ഏകപക്ഷീയമായി പെരുമാറുന്നുവെന്ന വിമർശനം ശക്തമാകുന്ന കാലഘട്ടത്തിൽ, സോഷ്യൽ മീഡിയ ജനങ്ങളുടെ പ്രധാന വിവരസ്രോതസ്സായി മാറി. ലോകം ഒരു കുടക്കീഴിലായതുപോലെ, വിജ്ഞാനവും അഭിപ്രായങ്ങളും വിരൽത്തുമ്പിലെത്തി. അതേസമയം, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉപയോഗിക്കപ്പെടുന്ന കടുത്ത പി.ആർ. മത്സരങ്ങളും ഈ കാലത്തിന്റെ യാഥാർത്ഥ്യമാണ്.


നടിയെ ആക്രമിച്ച കേസുപോലുള്ള സംഭവങ്ങളിൽ പോലും നാം കണ്ടത് സത്യാന്വേഷണത്തേക്കാൾ ശക്തമായ പി.ആർ. യുദ്ധങ്ങളായിരുന്നു. ഇത് മലയാളി സമൂഹത്തിലെ രാഷ്ട്രീയ നെറികേടുകളും അതിവൈകാരിക പ്രതികരണങ്ങളുമാണ് പുറത്തുകൊണ്ടുവരുന്നത്. ഈ വികാരതരംഗങ്ങൾ അതിരുകടക്കുമ്പോൾ സത്യം മങ്ങിപ്പോകുന്നു, ഊഹാപോഹങ്ങൾ വ്യാപിക്കുന്നു, നീതിബോധം തളരുന്നു. ചില സന്ദർഭങ്ങളിൽ ഇരയും വേട്ടക്കാരനും തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്കാണ് സമൂഹം എത്തുന്നത്. അതിനിടയിൽ ഏറ്റവും കൂടുതൽ പീഡിതരാകുന്നത് അതിജീവിതരാണ്.


സർക്കാർ സംവിധാനങ്ങൾ പോലും അധികാരത്തിന്റെ ആയുധങ്ങളായി മാറുന്ന സാഹചര്യം രാഷ്ട്രീയ–സാമൂഹിക അനിശ്ചിതത്വങ്ങൾക്ക് വഴിയൊരുക്കുന്നു. സത്യത്തെ അസത്യമാക്കാനും അസത്യത്തെ സത്യമാക്കാനും ബോധപൂർവമായ ശ്രമങ്ങൾ എല്ലായിടത്തും നടക്കുന്ന കാലമാണിത്. സോഷ്യൽ മീഡിയയും പി.ആർ. തന്ത്രങ്ങളും സത്യത്തെ വളച്ചൊടിക്കാൻ ശേഷിയുള്ള ആയുധങ്ങളായി മാറിയിരിക്കുന്നതും നിഷേധിക്കാനാവില്ല.


എന്നാൽ ചരിത്രം പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്: കാലം തന്റെ കാവ്യനീതി ഒരിക്കലെങ്കിലും നടപ്പാക്കും. ഇന്നത്തെ പ്രത്യേകത അതിന്റെ വേഗം മാത്രമാണ്. ജനങ്ങൾ അസംതൃപ്തരാകുമ്പോൾ അത് തിരിച്ചറിയാൻ ഭരണാധികാരികൾ തയ്യാറാകേണ്ടതിന്റെ ആവശ്യകതയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഓർമ്മിപ്പിക്കുന്നത്.


നികുതി അടയ്ക്കുന്ന പൗരന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചുറ്റുപാടുകൾ സുരക്ഷിതമാക്കേണ്ടത് ഭരണകൂടത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്. അത് നിർവഹിക്കപ്പെടാതെ വരുമ്പോൾ ജനവിധി കടുപ്പമുള്ളതായിരിക്കും. അപ്പോൾ അതിനെ ഔദാര്യം വാങ്ങിയിട്ട് നന്ദികേട് കാട്ടിയെന്നു വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല. ജനാധിപത്യത്തിൽ വോട്ട് ഒരു ഉപകാരം അല്ല; അത് ഭരണാധികാരികളെ ഉത്തരവാദിത്വം ഓർമിപ്പിക്കുന്ന ശക്തമായ ആയുധമാണ്. ഈ തെരഞ്ഞെടുപ്പ് ഫലം അതിന്റെ ഓർമ്മപ്പെടുത്തലാണ്.

ആധിപത്യം, അത് ജനത്തിൻ്റെതാകട്ടെ.

ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട്
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *