സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിൻ്റെ ഭാര്യയായ ബെഗോണ ഗോമസിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നടത്താൻ മാഡ്രിഡ് കോടതി ഉത്തരവിട്ടു. രാജ്യത്തിന് പുറത്തേക്ക് പോകുന്നതും കോടതി വിലക്കിയിട്ടുണ്ട്. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും രണ്ടാഴ്ചയിലൊരിക്കൽ കോടതിയിൽ ഹാജരാകണമെന്നും ജഡ്ജി നിർദേശിച്ചു.
പ്രധാനമന്ത്രിയുടെ ഭാര്യയെന്ന സ്ഥാനം ദുരുപയോഗം ചെയ്ത് സർക്കാർ കരാറുകൾ ലഭ്യമാക്കാൻ സ്വാധീനം ചെലുത്തിയെന്നതടക്കമുള്ള അഴിമതി, സ്വാധീനക്കച്ചവടം, പൊതുനിധി ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഗോമസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്ലാ ആരോപണങ്ങളും അവർ നിഷേധിച്ചിട്ടുണ്ട്. കേസ് വിചാരണയ്ക്ക് അയച്ചത് തീവ്ര വലതുപക്ഷ ബന്ധമുള്ള സംഘടന നൽകിയ പരാതിയെ തുടർന്നാണ്.
ഈ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗോമസിന്റെ അഭിഭാഷകർ അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി സാഞ്ചസും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പാർട്ടിയും കേസ് രാഷ്ട്രീയപ്രേരിതമായ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് ആരോപിക്കുന്നത്.
ഗോമസിനെതിരായ കേസ് ഉൾപ്പെടെ സർക്കാരുമായി ബന്ധപ്പെട്ട വിവിധ അഴിമതി അന്വേഷണങ്ങൾ സാഞ്ചസ് സർക്കാരിന് മേൽ രാഷ്ട്രീയ സമ്മർദം വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ, ഈ കേസുകളിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെതിരെ നേരിട്ട് കുറ്റം ചുമത്തിയിട്ടില്ല.

