സെഞ്ചുറിയുമായി വിഷ്ണു വിനോദ്; കേരളത്തിന് തകര്‍പ്പന്‍ ജയം.

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരായ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.

പുതുച്ചേരി ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം കേരളം 29 ഓവറില്‍ മറികടന്നു. സെഞ്ചുറി നേടിയ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അര്‍ധ സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും മികവിലാണ് കേരളം അനായാസമായി വിജയലക്ഷ്യം മറികടന്നത്.

വിഷ്ണു വിനോദ് 162 റണ്‍സാണ് എടുത്തത്. 84 പന്തില്‍ 13 ബൗണ്ടറിയും 14 സിക്‌സും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്‌സ്. ബാബാ അപരാജിത് 63 റണ്‍സെടുത്തു.

സഞ്ജു സാംസണ്‍ 11 റണ്‍സും നായകന്‍ രോഹന്‍ കുന്നുമ്മല്‍ എട്ട് റണ്‍സും എടുത്ത് പുറത്തായി. പുതുച്ചേരിക്ക് വേണ്ടി ഭൂപേന്ദര്‍ ചൗഹാനും പാര്‍ത്ത് വൈഘാനിയും ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറില്‍ 247 റണ്‍സെടുത്ത് പുറത്തായിരുന്നു. ജസ്വന്ത് ശ്രീരാമിന്റെയും അജയ് രൊഹെരയുടെയും അര്‍ധ സെഞ്ചുറികളുടെ മികവിലാണ് പുതുച്ചേരി ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. 57 റണ്‍സെടുത്ത ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ്‌സ്‌കോറര്‍.

അജയ് 53 റണ്‍സാണ് എടുത്തത്. നായകന്‍ അമാന്‍ ഹക്കീം ഖാന്‍ 27 റണ്‍സും വിഖ്‌നേശ്വരന്‍ മാരിമുത്തു 26 റണ്‍സും എടുത്തു.

കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് നാല് വിക്കറ്റെടുത്തു. ഏദന്‍ ആപ്പിള്‍ ടോമും അങ്കിത് ശര്‍മയും രണ്ട് വിക്കറ്റ് വീതവും ബിജു നാരായണനും ബാബാ അപരാജിതും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *