കാൻബറ: നികുതിപ്പണം ദുരുപയോഗം ചെയ്ത് ജനപ്രതിനിധികളെ സ്വാധീനിക്കാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ രംഗത്ത്. പാർട്ടി എംപിയായ ഡേവിഡ് ഫാർലിക്ക് അധിക ജീവനക്കാരനെ നൽകാൻ പ്രധാനമന്ത്രി മുന്നോട്ടുവെച്ച അപ്രതീക്ഷിത ഓഫർ വൺ നേഷൻ നിരസിച്ചു.
വർഷത്തിൽ 2,00,000 ഡോളറോളം നികുതിപ്പണം ശമ്പളച്ചെലവ് വരുന്ന അധിക സ്റ്റാഫിനെ അനുവദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫർ രാഷ്ട്രീയ സ്വാധീനമുറപ്പിക്കാനുള്ള അധാർമ്മിക നീക്കമാണെന്ന് ഹാൻസൻ സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. തങ്ങൾ ആവശ്യപ്പെടാതെയും യാതൊരു കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാതെയുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച ഈ കത്ത് പാർലമെന്റ് ഓഫീസിൽ നേരിട്ടെത്തിച്ചതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രധാനമന്ത്രിയുടെ താല്പര്യപ്രകാരം ഇരുവരും തമ്മിൽ സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തിയിരുന്നുവെന്നും ഹാൻസൻ വെളിപ്പെടുത്തി.
പാർലമെന്റ് അംഗങ്ങൾക്ക് ജീവനക്കാരെ അനുവദിക്കുന്നതിൽ സുതാര്യവും നീതിപൂർവ്വവുമായ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് വൺ നേഷൻ മാസങ്ങളായി പോരാടുകയാണെന്നും, അതിലൊന്നും നിലപാടെടുക്കാതെ അടച്ചിട്ട വാതിലുകൾക്ക് പിന്നിലൂടെ രാഷ്ട്രീയ നേട്ടത്തിനായി സർക്കാർ നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിലെ ഫാരർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി ഡേവിഡ് ഫാർലി വാഗ്ദാനം പൂർണ്ണമായി തള്ളി. എന്നാൽ, ഭാവിയിൽ ലേബർ പാർട്ടിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. രാഷ്ട്രീയമായ ധീരതയും നിശ്ചയദാർഢ്യവുമാണ് താൻ നോക്കിയതെന്നും ആ ഉറപ്പിലാണ് വൺ നേഷനിൽ ചേർന്നതെന്നും ജനങ്ങൾ നൽകിയ കൃത്യമായ ജനവിധിക്ക് ഒപ്പമാണ് താനെന്നും ഫാർലി പ്രതികരിച്ചു.

