ആന്ധ്രാ തീരത്ത് സംഹാരതാണ്ഡവമാടി അർണബ് ചുഴലിക്കാറ്റ്; അഞ്ച് മരണം, വ്യാപക കൃഷിനാശം; ഒടുവിൽ ശക്തിക്ഷയിച്ചു

ചെന്നൈ: ആന്ധ്രാപ്രദേശ്, യാനം, ഒഡീഷ തീരദേശ മേഖലകളിൽ കനത്ത നാശനഷ്ടം വിതച്ച അതിതീവ്ര ‘അർണബ്’ ചുഴലിക്കാറ്റ് ഒടുവിൽ ശക്തിക്ഷയിച്ച് ന്യൂനമർദ്ദമായി മാറി. മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച കാറ്റിലും അതിശക്തമായ മഴയിലും ആന്ധ്രാപ്രദേശിൽ അഞ്ച് ജീവനുകളാണ് പൊലിഞ്ഞത്. മരം വീണും വൈദ്യുതാഘാതമേറ്റുമാണ് മരണങ്ങൾ സംഭവിച്ചത്. പത്ത് മണിക്കൂറിലധികം നീണ്ടുനിന്ന ലാൻഡ് ഫാൾ തീരദേശ ജില്ലകളിൽ വലിയ വിനാശമാണ് വിതച്ചത്.

കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമാണ് ചുഴലിക്കാറ്റ് ഏൽപ്പിച്ചത്. 70,900 ഹെക്ടറിലെ നെൽകൃഷി ഉൾപ്പെടെ ആകെ 81,350 ഹെക്ടറിലെ വിളകൾ പൂർണ്ണമായും നശിച്ചു. പതിനൊന്ന് ജില്ലകളിലായി 25 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചു. ശക്തമായ കാറ്റിൽ മരങ്ങൾക്കൊപ്പം നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. നൂറിലധികം വീടുകൾ ഭാഗികമായോ പൂർണ്ണമായോ തകർന്നു.

കൊനസീമ, കാക്കിനട, വിശാഖപട്ടണം, കേന്ദ്രഭരണ പ്രദേശമായ യാനം എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ ഉണ്ടായത്. പലയിടങ്ങളിലും 30 സെന്റീമീറ്റർ വരെ തീവ്രമഴ രേഖപ്പെടുത്തി. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും തീരദേശത്തെ പല താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ടിലാണ്. അർണബിന്റെ സ്വാധീനഫലമായി ഒഡീഷ, പശ്ചിമബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ കാറ്റും മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *