പാലക്കാട്: ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി കുടുംബശ്രീ മാറിയെന്ന് വ്യവസായ-കയർ-നിയമ വകുപ്പ് മന്ത്രി പി. രാജീവ്. ദേശീയ സരസ് മേളയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനവും ആദരസന്ധ്യയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലഘട്ടത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് കുടുംബശ്രീയെ വളർത്താൻ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ആധുനിക ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കരുത്തുറ്റ സംവിധാനമായി ഇന്ന് കുടുംബശ്രീ മാറി. വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വലുതാണ്. ഇന്ന് ഏതൊരാൾക്കും മിനിറ്റുകൾക്കുള്ളിൽ വ്യവസായം തുടങ്ങാൻ കഴിയുന്ന രീതിയിലേക്ക് സംസ്ഥാനം മാറി. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം.എസ്.എം.ഇകളിൽ (MSME) 42 ശതമാനവും വനിതാ സംരംഭകരുടേതാണെന്നത് അഭിമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിദരിദ്രമുക്ത പ്രഖ്യാപനത്തിലൂടെ ലോകത്തിന് മുന്നിൽ ശിരസ്സുയർത്തി നിൽക്കാൻ കേരളത്തിന് സാധിച്ചു. വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിന്റെ ഫലമാണിതെന്നും, കഴിഞ്ഞ പത്തു വർഷത്തെ വികസനം ജനങ്ങൾ നേരിട്ടു കാണുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വികസിത രാജ്യങ്ങളിൽ നിന്നുള്ള ‘റിവേഴ്സ് മൈഗ്രേഷൻ’ കേരളത്തിൽ വർധിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുടുംബശ്രീ വഴി ഡെൻമാർക്കിലേക്ക് 24,000 കെയർ ഗീവേഴ്സിനെ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഡെൻമാർക്കിലെ വയോജനക്ഷേമ മന്ത്രിയും അംബാസിഡറും ഉൾപ്പെട്ട ഉന്നതതല സംഘവുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. ഇവർക്കാവശ്യമായ ഭാഷാ പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡെൻമാർക്ക് തന്നെ ഉറപ്പുവരുത്തും. കുടുംബശ്രീയുടെ ഖ്യാതി കടൽ കടക്കുന്ന ചരിത്ര മുഹൂർത്തമാണിതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ പാലിയേറ്റീവ് പരിചരണം സാർവത്രികമായി നടപ്പിലാക്കിയ ഏക സംസ്ഥാനം കേരളമാണ്. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ചേർന്നാണ് ഇത് സാധ്യമാക്കുന്നത്. നീതി ആയോഗിന്റെ ‘ബെസ്റ്റ് പ്രാക്ടീസ്’ അംഗീകാരം നേടിയ ലൈഫ് മിഷൻ പദ്ധതി കേരള വികസന മാതൃകയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ വ്യവസായം, സംസ്കാരം, പാലിയേറ്റീവ്, അക്കാദമിക് മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിപുലേഷ്, സംവിധായിക ശ്രുതി ശരണ്യം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു

