ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ വികസിത ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. ‘ആഗമൻ’ ദൗത്യത്തിന് കീഴിൽ നടന്ന വിക്ഷേപണത്തിലൂടെ ഉപഗ്രഹങ്ങളെ 450 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കാൻ റോക്കറ്റിനായി. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 12.05-നായിരുന്നു ചരിത്രപരമായ ഈ വിക്ഷേപണം നടന്നത്. ഈ നേട്ടത്തോടെ, സ്വകാര്യ ഓർബിറ്റൽ വിക്ഷേപണ ശേഷി കൈവരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.
ബഹിരാകാശ മേഖലയിൽ സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ സ്കൈറൂട്ട് എയറോസ്പേസിനെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ അഭിനന്ദിച്ചു. സ്കൈറൂട്ട് എയറോസ്പേസ് സി.ഇ.ഓ പവൻ കുമാർ ചന്ദന, സഹസ്ഥാപകൻ നാഗ ഭരത് ദാക എന്നിവരുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ദൗത്യത്തിന്റെ വിജയത്തിൽ തന്റെ സന്തോഷം അറിയിച്ചത്. സ്കൈറൂട്ട് സംഘത്തെ നേരിട്ട് കാണാനായി അദ്ദേഹം ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്

