കണ്ണൂരില്‍ ഉന്നതന്മാർക്ക് മാത്രം അംഗത്വമുള്ള ക്ലബ്ബുകളില്‍ ലഹരിമരുന്ന് ഉപയോഗം; കർശന നടപടി വേണമെന്ന് നിവേദനം

കണ്ണൂർ: ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഉന്നതന്മാർക്ക് മാത്രം അംഗത്വമുള്ള വിവിധ ക്ലബ്ബുകളുടെ പേരില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് ആക്ഷേപം. ബിസിനസ്സുകാരും ഉദ്യോഗസ്ഥരും മറ്റുമുള്ള ക്ലബ്ബുകളില്‍ യാതൊരുവിധ ലൈസൻസും ഇല്ലാതെ മദ്യം അടക്കമുള്ള ലഹരി വസ്തുക്കള്‍ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് പതിവാണെന്നും ഇതിനെതിരെ കർശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപെട്ട് ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികള്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തലക്ക് നിവേദനം നല്‍കി.

ആയുർവേദ മസാജ് സെന്ററുകളുടെയും ആശുപത്രികളുടെയും മറവിലും രാസ ലഹരികളുടെ ഉപയോഗം വ്യാപകമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വിനോദസഞ്ചാരികളായ സ്വദേശികളും വിദേശികളും വരികയും താമസിക്കുകയും ചെയ്യുന്ന ഹോംസ്റ്റേകളിലും റിസോർട്ടുകളിലും ഹോട്ടലുകളിലും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നടക്കുന്നുണ്ട്. ആയുർവേദ മസാജ് സെന്ററുകള്‍, ആയുർവേദ ആശുപത്രികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇത്തരം വസ്തുക്കളുടെ ഉപയോഗവും വിനിമയവും നടക്കുന്നുണ്ടോ എന്നറിയാൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഫോറം ആവശ്യപ്പെട്ടു. പോലീസുകാർക്ക് ഇത്തരക്കാരെ കുറിച്ച്‌ വിവരങ്ങള്‍ അറിയാഞ്ഞിട്ടല്ല, ഇവരുടെ ഉന്നത സ്വാധീനം കാരണം പലപ്പോഴും കേസെടുക്കാനോ നടപടിയെടുക്കാനോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഫോറം ജില്ലാ പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി, ജില്ലാ ജനറല്‍ സെക്രട്ടറി പി കെ ലതീഷ്, രഞ്ജിത്ത് സർക്കാർ എന്നിവരാണ് നിവേദനം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *