ദുബായ്: സ്പാകളുടെയും മസാജ് സെന്ററുകളുടെയും മറവില്‍ വൻതോതില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിവന്ന അന്താരാഷ്ട്ര സംഘത്തെ ദുബായ് പോലീസ് പിടികൂടി. മിന്നല്‍ റെയ്ഡിലൂടെ മലയാളികള്‍ ഉൾപ്പെടെ ഇരുപത്തഞ്ചോളം യുവതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ യുവതികള്‍ക്ക് ദുബായ് കോടതി ആറ് മാസം തടവും 20,000 ദിർഹം വീതം പിഴയും ശിക്ഷ വിധിച്ചു. തടവ് കാലാവധിക്ക് ശേഷം ഇവരെ യു.എ.ഇയില്‍ നിന്ന് നാടുകടത്തും. സന്ദർശക വിസയിലെത്തി തൊഴില്‍ തട്ടിപ്പിനിരയായവരും, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ലഹരിമാഫിയയുടെ ചതിക്കുഴിയില്‍ വീണവരുമാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. തൃശൂർ, കോഴിക്കോട്, എറണാകുളം, ഇടുക്കി തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായ മലയാളികള്‍. ഇവർക്ക് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാള്‍, ഫിലിപ്പീൻസ്, ശ്രീലങ്ക, പാകിസ്ഥാൻ സ്വദേശിനികളും സംഘത്തിലുണ്ട്. റെയ്ഡ് സമയത്ത് കേന്ദ്രങ്ങളിലുണ്ടായിരുന്ന ഉപഭോക്താക്കളെയും സ്ഥാപന നടത്തിപ്പുകാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയിൽ ലഹരിമരുന്നിന്റെ അംശം കണ്ടെത്തിയ ഉപഭോക്താക്കളും കേസിൽ കുടുങ്ങി. കേന്ദ്രത്തിന്റെ പ്രധാന നടത്തിപ്പുകാർക്കെതിരെയുള്ള കോടതി വിചാരണ പുരോഗമിക്കുകയാണ്.
ദുബായിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ദെയ്റ, സത്വ എന്നിവിടങ്ങളിലെ മസാജ് സെന്ററുകള്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരി ഇടപാടുകള്‍. വിസ തട്ടിപ്പിനിരയായി യു.എ.ഇയില്‍ ജോലിയില്ലാതെ അലയുന്ന സ്ത്രീകളെ മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും വെച്ച് വനിതാ ഏജന്റുമാർ സമീപിച്ച്, ഉയർന്ന ശമ്പളവും മികച്ച താമസസൗകര്യവും വാഗ്ദാനം ചെയ്താണ് സ്പാകളിലേക്ക് ആകർഷിക്കുന്നത്. ആദ്യം സാധാരണ ജോലിക്കായി ഇവിടെയെത്തുന്ന യുവതികളെ പിന്നീട് കടുത്ത ഭീഷണിയും ശാരീരിക-മാനസിക പീഡനങ്ങളും നല്‍കി ലഹരിമരുന്ന് വില്‍പ്പനയ്ക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ലഹരിമരുന്ന് കേസുകളില്‍ യു.എ.ഇ നിയമം അതീവ കർശനമാണെന്ന് പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ് ചൂണ്ടിക്കാട്ടുന്നു. വില്‍പ്പനയ്ക്കായി ലഹരിവസ്തുക്കള്‍ സൂക്ഷിക്കുന്നവർക്ക് കുറഞ്ഞത് 10 വർഷം മുതല്‍ ജീവപര്യന്തം വരെ തടവും, ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം. സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചാല്‍ പോലും കുറഞ്ഞത് മൂന്ന് മാസം മുതല്‍ രണ്ട് വർഷം വരെ തടവുണ്ടാകും. ലഹരി കേസുകളില്‍ ഉൾപ്പെടുന്ന വിദേശികൾക്ക് ശിക്ഷയ്ക്ക് ശേഷം ആജീവനാന്ത യാത്രാവിലക്കോടെ നാടുകടത്തലാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടുന്നവർ ചില കാര്യങ്ങളില്‍ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. സന്ദർശക വിസയില്‍ ജോലി ചെയ്യുന്നത് യു.എ.ഇയില്‍ നിയമവിരുദ്ധമായതിനാൽ കൃത്യമായ തൊഴില്‍ വിസ നല്‍കുന്ന സ്ഥാപനങ്ങളില്‍ മാത്രം പ്രവേശിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. സോഷ്യൽ മീഡിയ വഴിയുള്ള ആകർഷകമായ പരസ്യങ്ങളിൽ വീഴാതെ, മസാജ് സെന്ററുകൾക്ക് അംഗീകൃത ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിയമപ്രകാരം ഒരുടമയ്ക്കും ജീവനക്കാരുടെ പാസ്‌പോർട്ട് പിടിച്ചുവെക്കാൻ അവകാശമില്ലാത്തതിനാൽ ഭീഷണികള്‍ക്ക് വഴങ്ങി രേഖകള്‍ കൈമാറരുത്. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ചതിക്കപ്പെടുകയോ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് നിർബന്ധിതരാകുകയോ ചെയ്താല്‍ ഭയപ്പെടാതെ ദുബായ് പോലീസിന്റെ ‘അല്‍ അമീൻ’ സർവീസ് (8004888) വഴിയോ, ലേബർ ഡിപ്പാർട്ട്‌മെന്റ്, ഇന്ത്യൻ കോണ്‍സുലേറ്റ് എന്നിവ മുഖേനയോ ഉടനടി പരാതിപ്പെടണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

