മോസ്കോ: യുക്രെയ്ൻ സേനയുടെ മിസൈൽ ആക്രമണത്തിൽ റഷ്യയിൽ ആറു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. യുക്രെയ്ൻ അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശമായ ബെൽഗരോദിലാണ് ആക്രമണമുണ്ടായത്.
ജലവിതരണസംവിധാനങ്ങളും തകർന്നു. തെരുവുവിളക്കുകൾ തെളിയാതിരുന്നതിനെത്തുടർന്ന് ബെർഗരോദ് നഗരവാസികൾ ടോർച്ചുമായി നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സാധാരണ റഷ്യൻ സേനയാണ് യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങൾ ആക്രമിച്ചു നശിപ്പിക്കാറുള്ളത്.
തെക്കൻ റഷ്യയിലെ വോൾഗോഗ്രാഡ് പ്രദേശത്തുണ്ടായ മറ്റൊരു യുക്രെയ്ൻ ആക്രമണത്തിൽ എണ്ണ സംഭരണശാലയ്ക്കു തീപിടിച്ചു. ഡ്രോൺ ആക്രമണമാണുണ്ടായത്.

