പാരിസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന നിയമം നടപ്പാക്കാൻ ഫ്രാൻസ് നീങ്ങുന്നു. ഇതുസംബന്ധിച്ച ബില്ലിന് ഫ്രഞ്ച് പാർലമെന്റ് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ. നിയമം പാസായാൽ സെപ്റ്റംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. യൂറോപ്പിൽ ഇത്തരമൊരു നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറും.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ടോക്ക്, സ്നാപ്ചാറ്റ്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് പ്രായപരിശോധന സംവിധാനം നിർബന്ധമാക്കും. നിലവിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ നാല് മാസത്തിനകം അടച്ചുപൂട്ടാനും കമ്പനികൾക്ക് നിർദേശം നൽകും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള വെബ്സൈറ്റുകൾക്കും ഓൺലൈൻ വിജ്ഞാനകോശങ്ങൾക്കും നിയന്ത്രണം ബാധകമാകില്ല.
കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, ഓൺലൈൻ പീഡനം, ദോഷകരമായ ഉള്ളടക്കങ്ങൾ എന്നിവയിൽ നിന്നുള്ള അപകടസാധ്യത കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിയമനീക്കം. പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഈ നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ നിയമങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് യൂറോപ്യൻ കമ്മിഷനും ബിൽ പരിശോധിക്കുന്നുണ്ട്.

