കടലിൽ 120 കിലോമീറ്റർ അകലെ പവിഴപ്പുറ്റിലിടിച്ച് യാച്ച് മുങ്ങി; രണ്ടു കുട്ടികളടക്കം നാലംഗ കുടുംബത്തെ സാഹസികമായി എയർലിഫ്റ്റ് ചെയ്തു

ക്വീൻസ്‌ലൻഡ്: ക്വീൻസ്‌ലൻഡ് തീരത്തുനിന്ന് 120 കിലോമീറ്റർ അകലെ ഉൾക്കടലിൽ പവിഴപ്പുറ്റിലിടിച്ച് തകർന്ന യാച്ചിൽ കുടുങ്ങിയ രണ്ടു കുട്ടികളടക്കം നാലംഗ കുടുംബത്തെ രക്ഷാപ്രവർത്തകർ സാഹസികമായി രക്ഷപ്പെടുത്തി. വിറ്റ്സൺഡേയ്സ് മേഖലയിലെ എലിസബത്ത് റീഫിൽ ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ഒൻപതും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് യാച്ചിൽ മാതാപിതാക്കൾക്കൊപ്പമുണ്ടായിരുന്നത്.

സൂര്യോദയത്തിന് മുൻപ് നടന്ന അപകടത്തിൽ യാച്ച് പവിഴപ്പുറ്റിലിടിച്ച് കടലിൽ കുടുങ്ങിയതോടെ കിലോമീറ്ററുകളോളം അകലെ പുറങ്കടലിൽ മണിക്കൂറുകളോളമാണ് ഈ കുടുംബം ഭയപ്പാടോടെ സഹായത്തിനായി കാത്തിരുന്നത്. തുടർന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ നിന്നും റെസ്ക്യൂ സ്വിമ്മറെ താഴേക്ക് ഇറക്കിയാണ് ഓരോരുത്തരെയായി എയർലിഫ്റ്റ് ചെയ്ത് മുകളിലേക്ക് എത്തിച്ചത്. രക്ഷാപ്രവർത്തനം പൂർത്തിയാകുമ്പോഴേക്കും യാച്ച് ഏതാണ്ട് പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു.

തലയ്ക്ക് പരിക്കേറ്റ കുട്ടികളുടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാച്ചിന്റെ പായ്മരത്തിന്റെ (Mast) സാന്നിധ്യം ഹെലികോപ്റ്റർ അപകടകരമായ രീതിയിൽ താഴേക്ക് താഴ്ത്തി നിർത്തുന്നതിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതായും, അതീവ ദുഷ്കരവും വെല്ലുവിളി നിറഞ്ഞതുമായ രക്ഷാദൗത്യമായിരുന്നു ഇതെന്നും എമർജൻസി സംഘം വ്യക്തമാക്കി. ജീവൻ പണയപ്പെടുത്തി അടിയന്തര സേവന വിഭാഗങ്ങൾ നടത്തുന്ന ഇത്തരം ധീരമായ രക്ഷാപ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്നുണ്ടോ എന്ന ചർച്ചകളും ഇതോടെ സജീവമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *