അഴിമതി ആരോപണം; അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെതിരെ നടപടി

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ആസ്ഥാനത്തെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതില്‍ വലിയ തോതിലുള്ള അഴിമതിയും ഫണ്ടിന്റെ ദുരുപയോഗവും നടന്നതായി ആരോപണത്തെ തുടര്‍ന്നാണ് ചെയര്‍മാന്‍ ജെറോം പവലിനെതിരെ അമേരിക്കന്‍ നീതിന്യായ വകുപ്പ് നടപടി ആരംഭിച്ചത്.ഈ അഴിമതിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ് പവലിന് ഔദ്യോഗികമായി സമന്‍സ് അയച്ചു. അദ്ദേഹത്തിന് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വന്നേക്കാം.

വാര്‍ത്ത പുറത്തുവന്നതോടെ ആഗോള ഓഹരി വിപണിയില്‍ വലിയ ഇടിവുണ്ടായി. നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക പടര്‍ന്നതിനെത്തുടര്‍ന്ന് സ്വര്‍ണ്ണവില വര്‍ദ്ധിക്കുകയും ചെയ്തു. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരതയെ ഇത് ബാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.ഫെഡറല്‍ റിസര്‍വില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്നും അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസ് വക്താവ് കരോളിന്‍ ലീവിറ്റും ഈ നീക്കത്തെ പിന്തുണച്ച് രംഗത്തെത്തി.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഫെഡറല്‍ റിസര്‍വ് അറിയിച്ചിട്ടുണ്ട്. കേന്ദ്രബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *