സിഡ്‌നിയിലെ കൂജി ബീച്ചിൽ സ്രാവ് ആക്രമണം; മുപ്പതുകാരിക്ക് ഗുരുതര പരിക്ക്, തീരങ്ങൾ അടച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ കൂജി (Coogee) ബീച്ചിലുണ്ടായ സ്രാവ് ആക്രമണത്തിൽ മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ പതിനൊന്നര യോടെയാണ് ബീച്ചിലെത്തിയവരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണ്.

ശാന്തമായ കടൽത്തീരത്ത് ആളുകൾ നീന്തിക്കുളിക്കുന്നതിനിടയിലാണ് ഏകദേശം 3 മുതൽ 4 മീറ്റർ വരെ നീളമുള്ള സ്രാവ് യുവതിയെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ ലൈഫ് ഗാർഡുമാരും മറ്റ് സഹയാത്രി കരും ചേർന്നാണ് യുവതിയെ വെള്ളത്തിൽ നിന്നും കരയ്ക്കടുപ്പിച്ചത്. തുടർന്ന് ബീച്ചിലുണ്ടായിരുന്നവർ പ്രാഥമിക ശുശ്രൂഷകൾ നൽകുകയും, വിവരമറിഞ്ഞ് വൻ പോലീസ് സന്നാഹവും ന്യൂ സൗത്ത് വെയിൽസ് ആംബുലൻസ് സംഘവും സ്ഥലത്തെത്തുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ ഹെലി കോപ്റ്റർ മാർഗ്ഗം സെന്റ് വിൻസെന്റ് ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തെ തുടർന്ന് കൂജി ബീച്ചിൽ സ്രാവ് മുന്നറിയിപ്പ് സൈറൺ മുഴക്കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സുരക്ഷ മുൻനിർത്തി ബോണ്ടി മുതൽ മരൂബ്ര വരെയുള്ള സിഡ്‌നിയിലെ പ്രധാന ബീച്ചുകളെല്ലാം അടുത്ത 24 മണിക്കൂർ നേരത്തേക്ക് വനം-വകുപ്പ് അധികൃതർ പൂർണ്ണമായി അടച്ചുപൂട്ടി. ഡ്രോണുകൾ ഉപയോഗിച്ചും വെസ്റ്റ്പാക് ലൈഫ്സേവർ റെസ്ക്യൂ ഹെലികോപ്റ്റർ വഴിയും സമുദ്രമേഖലയിൽ കർശന നിരീക്ഷണം നടത്തിവരികയാണ്.

2025 സെപ്റ്റംബറിന് ശേഷം സിഡ്‌നി തീരത്തുണ്ടാകുന്ന നാലാമത്തെ വലിയ സ്രാവ് ആക്രമണമാണിതെന്ന് സെർഫ് ലൈഫ് സേവിങ് അധികൃതർ വ്യക്തമാക്കി. സിഡ്‌നിയിലെ ജനപ്രിയ ബീച്ചിൽ വെച്ചുണ്ടായ ഈ ദാരുണ സംഭവം വലിയ ഞെട്ടലോടെയാണ് പ്രാദേശിക സമൂഹം കാണുന്നത്. പരിക്കേറ്റ യുവതിയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ

Leave a Reply

Your email address will not be published. Required fields are marked *