ആറു പതിറ്റാണ്ടുകാലം മലയാളത്തിന്റെ ഹൃദയരാഗമായിരുന്ന ഗായകനാണ് പി. ജയചന്ദ്രൻ.ആധുനിക കേരളത്തിൻ്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ മനോഹര ഗാനങ്ങൾ…
മലയാള ചലച്ചിത്ര ഗാനശാഖയുടെ വസന്തകാലത്ത് ഏറ്റവും മികച്ച ഗാനങ്ങൾ പാടാൻ അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചു. അതിലൂടെ മലയാളികളുടെയാകെ ആദരവ് നേടാനും കഴിഞ്ഞു. വളരെ തെളിമയുള്ള ആലാപനം ആയിരുന്നു അദ്ദേഹത്തിൻ്റേതെന്ന് തോന്നിയിട്ടുണ്ട്. അതിനാൽ നേരിട്ട് ആസ്വാദകരുടെ ഹൃദയത്തെ സ്പർശിക്കാൻ ആ ഗാനങ്ങൾക്ക് കഴിഞ്ഞു. സിനിമയിലെ ഗാനരംഗം ആഗ്രഹിക്കുന്ന വികാരങ്ങളും ഭാവവും അതേപോലെ പാട്ടിലൂടെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതിനാലാണ് അദ്ദേഹത്തെ ഭാവഗായകനായി മലയാളികൾ വിശേഷിപ്പിക്കുന്നത് എന്ന് കരുതുന്നു. പെരുമാറ്റത്തിലും സംഭാഷണത്തിലും അതേ തെളിമയുള്ള മികച്ച മനുഷ്യസ്നേഹി കൂടിയായിരുന്നു ജയചന്ദ്രൻ…
മഞ്ഞലയിൽ മുങ്ങിത്തോർത്തി, മധുചന്ദ്രികയുടെ ചായ തളികയിൽ, അനുരാഗഗാനം പോലെ, നിൻ മണിയറയിലെ നിർമ്മലശയ്യയിലെ, കരിമുകിൽ കാട്ടിലെ, നീലഗിരിയുടെ സഖികളേ, തിരുവാഭരണം ചാർത്തി വിടർന്നു… തുടങ്ങി എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹം മലയാളികൾക്കാ
യി പാടിയത്…ഒരു ഇടവേളയ്ക്കു ശേഷം പ്രായത്തിന്റെ അടയാളങ്ങൾ ഒന്നും തോന്നിപ്പിക്കാതെ അദ്ദേഹം പാടിയ ‘ പ്രായം നമ്മിൽ മോഹം നൽകി ‘ എന്ന ഗാനം യുവതലമുറ ആകെ ഏറ്റെടുത്തതാണ്…
‘രാസാത്തി ഉന്നൈ കാണാമെ നെഞ്ച്’ തമിഴ് ആസ്വാദകരെ മാത്രമല്ല, മലയാളി ആസ്വാദകരെയും ഒരേ പോലെ ആകർഷിച്ചതാണ്… മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ പാടി. മലയാള ലളിതഗാന ശാഖയിലും മികവ് പ്രകടിപ്പിച്ചു… ‘ജയദേവ കവിയുടെ ഗീതികൾ കേട്ടെൻ്റെ രാധേ ഉറക്കമായോ…’ എന്ന ഗാനം ഇന്നും മലയാളികൾ ആവർത്തിച്ചു കേൾക്കുന്നു. മികച്ച പിന്നണിഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നിരവധി തവണ സംസ്ഥാന പുരസ്കാരവും നേടിയ അദ്ദേഹത്തിന് സംസ്ഥാന സർക്കാർ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്കാരമായ ജെ. സി. ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്…
മലയാള സിനിമയുടെ വളർച്ചയ്ക്ക് ഒരു പുരുഷായുസ്സ് കൊണ്ട് മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഉന്നതനായ കലാകാരനെയാണ് കേരളത്തിന് നഷ്ടമായത്…
അനശ്വരഗാനങ്ങളിലൂടെ അദ്ദേഹം മരണമില്ലാതെ ഇനിയും
ജീവിക്കും…

