ഓസ്ട്രേലിയന്‍ മണ്ണിലെ ലിറ്റില്‍ കേരള ; കരിക്ക് കുടിക്കാന്‍ വന്ന മലയാളികള്‍ മാറ്റിയെഴുതിയത് ഓസ്‌ട്രേലിയക്കാരന്റെ ജീവിതം

കടല്‍ കടന്ന് ഏത് മറുനാട്ടില്‍ ചെന്നാലും മലയാളിയുടെ നാവിന്‍തുമ്പില്‍ നിന്നും ഒരൊറ്റ രുചി മാത്രം മാഞ്ഞുപോകില്ല അത് കേരളത്തിന്റെ തനതു രുചിയായ നാടന്‍ കരിക്കിന്‍ വെള്ളത്തിന്റെ ആ മധുരമാണ്. ഓസ്ട്രേലിയയിലെ വരണ്ട കാറ്റില്‍ തങ്ങളുടെ നാടിന്റെ കുളിര്‍മ തേടി കരിക്കു കടകളില്‍ എത്തിയ ഒരുപിടി മലയാളികള്‍, ഒടുവില്‍ ഓസ്ട്രേലിയക്കാരനായ ഒരു മനുഷ്യന്റെ ജീവിതം തന്നെ മാറ്റിമറിച്ച കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നന്മയുടെ വസന്തം തീര്‍ക്കുന്നത്.കരിക്കിന്‍വെള്ളത്തിന്റെ രുചിയില്‍ തുടങ്ങി, അതിരുകളില്ലാത്ത സ്നേഹത്തിന്റെ കനാലുകള്‍ വെട്ടി, ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ‘ലിറ്റില്‍ കേരള’ തന്നെ സൃഷ്ടിച്ച ക്രിസ്റ്റീന്‍ എന്ന മനുഷ്യന്റെ കഥ ഏതൊരു മലയാളിയിലും അഭിമാനവും കുളിര്‍മയും നിറയ്ക്കുന്ന ഒന്നാണ്.

ഓസ്ട്രേലിയയില്‍ കരിക്ക് വില്‍പന നടത്തിയിരുന്ന ക്രിസ്റ്റീന്‍ എന്ന ഓസ്ട്രേലിയക്കാരന്‍ തന്റെ കടയിലെത്തുന്ന സ്ഥിരം മലയാളി ഉപഭോക്താക്കളില്‍ നിന്നാണ് കേരളം എന്ന മാന്ത്രിക നാമത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.അവരുടെ സ്നേഹവും പെരുമാറ്റവും കണ്ടപ്പോള്‍, ഇത്രയും നല്ല മനുഷ്യര്‍ ജീവിക്കുന്ന ആ ദൈവത്തിന്റെ സ്വന്തം നാട് നേരിട്ട് കാണണമെന്ന മോഹം അദ്ദേഹത്തിന്റെ മനസില്‍ ശക്തമായത്.അങ്ങനെയാണ് ക്രിസ്റ്റീന്‍ കേരളത്തിലെത്തുന്നത്.നാടിന്റെ പച്ചപ്പും,ഭംഗിയും, കോരിച്ചൊരിയുന്ന പെയ്തൊഴിയാത്ത മഴയും,കേരളിയരുടെ ഗൃഹാതുരഓര്‍മ്മയായ തെങ്ങിന്‍തോപ്പുകളും അതിലുമുപരി മലയാളിയുടെ തനിമയാര്‍ന്ന സംസ്‌കാരവുമെല്ലാം ക്രിസ്റ്റീന്റെ മനസ്സ് കവര്‍ന്നു.കേരളത്തിന്റെ സ്നേഹവും സൗന്ദര്യവും ആവോളം നെഞ്ചിലേറ്റിയാണ് ക്രിസ്റ്റീന്‍ ജന്മനാട്ടിലേയ്ക്ക് മടങ്ങിയത്.എന്നാല്‍, കേരളം കണ്ടു മടങ്ങിയ ക്രിസ്റ്റീനെ കാത്തിരുന്നത് വിധിയുടെ ക്രൂരമായ പരീക്ഷണങ്ങളായിരുന്നു.

ഓസ്ട്രേലിയയില്‍ തിരിച്ചെത്തി,കരിക്ക് വില്‍ക്കാനായി തെങ്ങില്‍ കയറുന്നതിനിടെ താഴെ വീണ് ക്രിസ്റ്റീന്റെ കാല്‍ ഒടിഞ്ഞു.ശസ്ത്രക്രിയയിലൂടെ കാലില്‍ മെറ്റല്‍ പ്ലേറ്റ് ഘടിപ്പിച്ചെങ്കിലും കഠിനമായ വേദന അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടേയിരുന്നു.പ്ലേറ്റ് മാറ്റിസ്ഥാപിക്കുകയല്ലാതെ മറ്റ് പോംവഴികളില്ലായിരുന്നു.എന്നാല്‍, ജന്മനായുള്ള വൃക്കരോഗം കാരണം ഈ ശസ്ത്രക്രിയ അങ്ങേയറ്റം അപകടം നിറഞ്ഞതാണെന്ന് പറഞ്ഞ് ഓസ്ട്രേലിയയിലെ വലിയ ഡോക്ടര്‍മാര്‍ പോലും കൈമലര്‍ത്തി.ജീവിതം വീല്‍ചെയറിലേക്ക് ഒതുങ്ങിപ്പോകുമെന്ന ഭയത്തില്‍ പ്രതീക്ഷകളെല്ലാം അസ്തമിച്ച നിമിഷം.എന്നാല്‍ ക്രിസ്റ്റീന്റെ ദയനീയാവസ്ഥയറിഞ്ഞ് ഒടുവില്‍ പ്രതീക്ഷയുടെ ആ തുരുത്ത് തുറന്നത്,അദ്ദേഹം ജീവനേക്കാള്‍ പ്രണയിച്ച അതേ കേരളത്തിലായിരുന്നു.

ഒട്ടും വൈകാതെ ക്രിസ്റ്റീന്‍ വീണ്ടും കേരളത്തിലെത്തി. കൊച്ചി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ആ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ഏറ്റെടുക്കുകയും അത് വിജയകരമായി പൂര്‍ത്തിയാക്കി അദ്ദേഹത്തിന്റെ കാല്‍ സുഖപ്പെടുത്തുകയും ചെയ്തു. വിദേശത്തുപോലും അസാധ്യമെന്ന് കരുതിയ ഒന്നിനെയാണ് മലയാളിയുടെ മെഡിക്കല്‍ മികവും കാരുണ്യവും ചേര്‍ന്ന് തോല്‍പ്പിച്ചത്. ഈ നാട് എനിക്ക് തന്നത് രണ്ടാം ജന്മമാണ്…’ഇന്ന് നിറഞ്ഞ കണ്ണുകളോടെയും കൃതജ്ഞതയോടെയും ക്രിസ്റ്റീന്‍ പറയുന്നു.

ഓസ്ട്രേലിയന്‍ മണ്ണിലെ ‘കുട്ടനാട്’

കേരളത്തോടുള്ള നന്ദിയും സ്നേഹവും വാക്കുകളില്‍ ഒതുക്കാന്‍ ക്രിസ്റ്റീന്‍ തയാറായിരുന്നില്ല. തനിക്ക് പുനര്‍ജന്മം നല്‍കിയ നാടിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹം ഓസ്ട്രേലിയയില്‍ 12 ഏക്കര്‍ ഭൂമി വാങ്ങി. അവിടെ വലിയൊരു തെങ്ങിന്‍ തോപ്പ് വെച്ചുപിടിപ്പിച്ചു. മാത്രമല്ല, കേരളത്തിലെ കുട്ടനാടന്‍ കായല്‍ക്കാഴ്ചകളെ അനുസ്മരിപ്പിക്കും വിധം ഈ പുരയിടത്തിലുടനീളം മനോഹരമായ കനാല്‍ വഴികളും വെട്ടിത്തുറന്നു. ഇന്ന് ആകാശത്തുനിന്ന് നോക്കിയാല്‍ കേരളത്തിന്റെ ഹരിതാഭമായ ഒരു ചെറുപതിപ്പ് പോലെ തോന്നിക്കുന്ന ഈ തോട്ടത്തിന് ക്രിസ്റ്റീന്‍ ഇട്ട പേര് മറ്റൊന്നുമല്ല ലിറ്റില്‍ കേരള’.

യുഎഇ അടക്കമുള്ള ഗള്‍ഫ് പ്രവാസികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സമൂഹമാധ്യമ പേജുകളിലും ക്രിസ്റ്റീന്‍ നിര്‍മ്മിച്ച ലിറ്റില്‍ കേരളയുടെ ഹ്രസ്വ വിഡിയോ കാട്ടുതീ പോലെയാണ് പടരുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് എന്താണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഈ ഓസ്ട്രേലിയക്കാരനുള്ളൂ; ഇവിടുത്തെ മനുഷ്യരെ. ലോകത്തെങ്ങും വെറുപ്പിന്റെയും യുദ്ധത്തിന്റെയും വാര്‍ത്തകള്‍ മാത്രം നിറയുന്ന ഈ കാലത്ത്, സൗഹൃദത്തിന്റെയും അതിരുകളില്ലാത്ത നന്മയുടെയും ഈ കഥയേക്കാള്‍ മനോഹരമായി മറ്റെന്താണുള്ളത്! മലയാളിയുടെ സ്നേഹത്തിന് ഭൂമിശാസ്ത്രപരമായ അതിരുകളില്ലെന്ന് ഈ ഓസ്ട്രേലിയന്‍ ‘കുട്ടനാട്’ നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *