കാൻബെറ: ഓസ്‌ട്രേലിയയിലെ ദേശീയ ഭിന്നശേഷി ഇൻഷുറൻസ് പദ്ധതിയിൽ (NDIS) വരുത്തുന്ന വിവാദ പരിഷ്‌കാരങ്ങൾക്കെതിരെ ഭിന്നശേഷി അവകാശ പ്രവർത്തകരും വിവിധ സംസ്ഥാനങ്ങളും രംഗത്ത്. പദ്ധതിയിൽ നിന്ന് ആളുകളെ ഒഴിവാക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചും പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ഫെഡറൽ സർക്കാർ.
56 ബില്യൺ ഡോളർ ചെലവ് വരുന്ന പദ്ധതിയുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദേശം 1,60,000 പേരെ എൻ.ഡി.ഐ.എസിൽ നിന്ന് ഒഴിവാക്കി സംസ്ഥാനങ്ങൾ നടത്തുന്ന മറ്റ് സഹായ പദ്ധതികളിലേക്ക് മാറ്റാനാണ് ഫെഡറൽ സർക്കാരിന്റെ തീരുമാനം. എന്നാൽ, പകരം സംവിധാനങ്ങൾ ഒരുക്കാൻ സംസ്ഥാനങ്ങൾ സജ്ജമല്ലെന്നും പലർക്കും സഹായം പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ഭിന്നശേഷി മന്ത്രിമാരുടെ സമിതി സെനറ്റ് അന്വേഷണ കമ്മീഷനെ അറിയിച്ചു. ഈ ബിൽ പാസായാൽ ഭിന്നശേഷിക്കാർ മരണപ്പെടാൻ വരെ സാധ്യതയുണ്ടെന്നും അതിന്റെ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും ഭിന്നശേഷി അവകാശ പ്രവർത്തക ഹന്ന ഡിവൈനി വൈകാരികമായി പ്രതികരിച്ചു.
എന്നാൽ, എൻ.ഡി.ഐ.എസ് പദ്ധതി ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായും ചിലർ ഇത് ദുരുപയോഗം ചെയ്യുന്നതായും ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ വ്യക്തമാക്കി. പദ്ധതിയുടെ ഭാവി സുരക്ഷിതമാക്കാൻ കടുത്ത തീരുമാനങ്ങൾ അനിവാര്യമാണെന്നും, പ്രായമായവർക്കുള്ള പെൻഷൻ കഴിഞ്ഞാൽ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയായി ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ എതിർപ്പുകൾ രാഷ്ട്രീയ നാടകമാണെന്നും ആശുപത്രികൾക്കായി 25 ബില്യൺ ഡോളറിന്റെ അധിക ഫണ്ട് അനുവദിച്ചപ്പോൾ സംസ്ഥാന പ്രീമിയർമാർ ഈ പരിഷ്‌കാരങ്ങൾക്ക് സമ്മതിച്ചിരുന്നതാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
കുറഞ്ഞ ആവശ്യങ്ങളുള്ളവർക്കായി ഒക്ടോബർ മുതൽ ‘ത്രൈവിങ് കിഡ്‌സ്’ (Thriving Kids) എന്ന പേരിൽ 4 ബില്യൺ ഡോളറിന്റെ പുതിയ സഹായ പദ്ധതി ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ജൂലൈ രണ്ടിന് പാർലമെന്റ് പിരിയുന്നതിന് മുൻപ് തന്നെ ഈ നിയമഭേദഗതി പാസാക്കാനാണ് ലേബർ പാർട്ടിയുടെ നീക്കം. അതേസമയം, ഭിന്നശേഷിക്കാരെ കേവലം സാമ്പത്തിക കണക്കുകളായി മാത്രമാണ് സർക്കാർ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് ഫിലിപ്പ് തോംസൺ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ സെനറ്റ് സമിതി ചൊവ്വാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും

