ലിബറല്‍ പാര്‍ട്ടിയില്‍ നാടകീയ നീക്കങ്ങള്‍; നേതൃപോരില്‍ നിന്ന് ആന്‍ഡ്രൂ ഹാസ്റ്റി പിന്മാറി

കാന്‍ബറ: ഓസ്ട്രേലിയന്‍ പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടിയില്‍ ആഴ്ചകളായി തുടരുന്ന നേതൃത്വ പ്രതിസന്ധിയില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പാര്‍ട്ടിയുടെ അമരത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഷാഡോ ഡിഫന്‍സ് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഹാസ്റ്റി (Andrew Hastie) മത്സരരംഗത്തുനിന്നും അപ്രതീക്ഷിതമായി പിന്മാറി.വെള്ളിയാഴ്ച വൈകുന്നേരമാണ് തന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

പാര്‍ട്ടിയിലെ ഭൂരിഭാഗം എം.പിമാരുടെയും പിന്തുണ സമാഹരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പിന്മാറ്റമെന്ന് ഹാസ്റ്റി വ്യക്തമാക്കി.കഴിഞ്ഞ ദിവസം മെല്‍ബണില്‍ വെച്ച് മറ്റൊരു പ്രമുഖ നേതാവായ ആംഗസ് ടെയ്ലറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.എന്നാല്‍ നേതൃസ്ഥാനം സംബന്ധിച്ച് ഇരുവരും തമ്മില്‍ സമവായത്തിലെത്താന്‍ സാധിക്കാത്തതാണ് ഹാസ്റ്റിയുടെ പെട്ടെന്നുള്ള പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

നേതൃത്വ വെല്ലുവിളികള്‍ക്കിടയിലും തന്റെ അധികാരം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ നേതാവ് സൂസന്‍ ലെയ് (Sussan Ley). സഖ്യം വിട്ട നാഷണല്‍ പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ അവര്‍ ഒരു ആഴ്ചത്തെ സമയം (Ultimatum) അനുവദിച്ചു.

‘മുന്നണിയുടെ കെട്ടുറപ്പിനാണ് പ്രാധാന്യം. തിരിച്ചുവരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വാതില്‍ തുറന്നുകിടക്കുകയാണ്. എന്നാല്‍ ഇനി അധികകാലം കാത്തിരിക്കാന്‍ കഴിയില്ല,’ സൂസന്‍ ലെയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാഷണല്‍ പാര്‍ട്ടി അംഗങ്ങള്‍ ഒഴിഞ്ഞുപോയ ഷാഡോ ക്യാബിനറ്റ് സ്ഥാനങ്ങളിലേക്ക് ലിബറല്‍ പാര്‍ട്ടി അംഗങ്ങളെ താല്‍ക്കാലികമായി നിയമിച്ചുകൊണ്ട് അവര്‍ തന്റെ കരുത്ത് പ്രകടിപ്പിച്ചു.

ഹാസ്റ്റി പിന്മാറിയതോടെ ഇനി എല്ലാവരും ഉറ്റുനോക്കുന്നത് ആംഗസ് ടെയ്ലറുടെ (Angus Taylor) നീക്കങ്ങളിലേക്കാണ്.പാര്‍ട്ടിയിലെ വലതുപക്ഷ വിഭാഗത്തിന്റെ പിന്തുണ ടെയ്ലര്‍ക്കുണ്ടെങ്കിലും,സൂസന്‍ ലെയ്ക്കെതിരെ പരസ്യമായ ഒരു പോരാട്ടത്തിന് അദ്ദേഹം ഉടന്‍ തയ്യാറാകുമോ എന്നത് വ്യക്തമല്ല.അടുത്ത ചൊവ്വാഴ്ച പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ നടക്കുന്ന പാര്‍ട്ടി യോഗം ലിബറല്‍ പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാകും

Leave a Reply

Your email address will not be published. Required fields are marked *