അഡ്ലെയ്ഡ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് (First Home Buyers) വലിയ കൈത്താങ്ങുമായി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാരും സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരും. പ്രധാനമന്ത്രി ആന്റണി ആൽബനിസും പ്രീമിയർ പീറ്റർ മലിനോസ്‌കസും ചേർന്ന് ഒപ്പുവെച്ച 801.5 ദശലക്ഷം ഡോളറിന്റെ ഈ ചരിത്ര കരാർ സംസ്ഥാനത്തെ ഭവനപ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.
ഈ ബൃഹദ് പദ്ധതിയിലൂടെ ആകെ 17,000 പുതിയ വീടുകളാണ് സൗത്ത് ഓസ്‌ട്രേലിയയിൽ നിർമ്മിക്കുന്നത്. ഇതിൽ 7,000 വീടുകൾ ആദ്യമായി വീട് വാങ്ങുന്നവർക്കായി പ്രത്യേകമായി നീക്കിവെച്ചിരിക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം.
നോർത്തേൺ സബർബുകളിൽ ജലവിതരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 300 ദശലക്ഷം ഡോളർ അനുവദിച്ചു. ഇത് 4,000 വീടുകളുടെ നിർമ്മാണത്തിന് വേഗത കൂട്ടും. ആദ്യമായി വീട് വാങ്ങുന്നവർക്കായി മാത്രമായി 400 വീടുകൾ നിർമ്മിക്കാൻ 50 ദശലക്ഷം ഡോളർ വകയിരുത്തി.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 1,700 വീടുകൾ നിർമ്മിക്കാൻ 184 ദശലക്ഷം ഡോളർ ചിലവിടും.
പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2026-27 സാമ്പത്തിക വർഷത്തിൽ ആരംഭിക്കും. 2027-28 കാലയളവോടെ ആളുകൾക്ക് പുതിയ വീടുകളിൽ താമസം തുടങ്ങാൻ സാധിക്കുമെന്ന് സർക്കാർ അറിയിച്ചു.
രാജ്യത്തുടനീളം ഒരു ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന ആൽബനി സർക്കാരിന്റെ 2025-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ തുടർച്ചയായാണ് ഈ നീക്കം. “സ്വന്തമായി ഒരു വീട് എന്നത് യുവാക്കളുടെയും സാധാരണക്കാരുടെയും വലിയ സ്വപ്നമാണ്, അത് യാഥാർത്ഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” എന്ന് പ്രധാനമന്ത്രി ആന്റണി ആൽബനി പറഞ്ഞു. സൗത്ത് ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭവന നിർമ്മാണ പദ്ധതിയാണിതെന്ന് പ്രീമിയർ പീറ്റർ മലിനോസ്‌കസും വ്യക്തമാക്കി.

