ബഹിരാകാശ പര്യവേഷണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ നാസയുടെ ‘അഥീന’; കരുത്തായി പുതിയ സൂപ്പർ കമ്പ്യൂട്ടർ

ബഹിരാകാശ ദൗത്യങ്ങൾ കൂടുതൽ കൃത്യതയോടെ നിർവ്വഹിക്കുന്നതിനായി ‘അഥീന’ എന്ന പേരിൽ അതിശക്തമായ സൂപ്പർ കമ്പ്യൂട്ടർ നാസ പുറത്തിറക്കി. കാലിഫോർണിയയിൽ സ്ഥാപിച്ചിട്ടുള്ള ഈ സംവിധാനം പ്രപഞ്ചത്തിലെ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നടത്താനും അജ്ഞാത പ്രതിഭാസങ്ങളെ ട്രാക്ക് ചെയ്യാനും നാസയെ സഹായിക്കും. മുൻപുള്ള സൂപ്പർ കമ്പ്യൂട്ടറുകളെക്കാൾ വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്ന രീതിയിലാണ് അഥീന രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സെക്കൻഡിൽ 20 ക്വാഡ്രില്യൺ കണക്കുകൂട്ടലുകൾ നടത്താൻ ശേഷിയുള്ള അഥീനയ്ക്ക്, സങ്കീർണ്ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാൻ സാധിക്കും. ഇത്രയധികം കരുത്തുണ്ടായിട്ടും പ്രവർത്തനച്ചെലവ് കുറവാണെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. മികച്ച കൂളിംഗ് സംവിധാനം വഴി ഊർജ്ജക്ഷമത ഉറപ്പാക്കുന്നതിലൂടെ ലാഭിക്കുന്ന തുക ഭാവിയിലെ ബഹിരാകാശ പേടകങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ വികസിപ്പിക്കുന്നതിനും ബഹിരാകാശയാത്രികർക്ക് കൃത്യമായ യാത്രാപഥം ഒരുക്കുന്നതിനും അഥീന വലിയ പങ്ക് വഹിക്കും. ഒരു ഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പേടകങ്ങൾ പ്രവേശിക്കുമ്പോൾ ഉണ്ടാകാവുന്ന തടസ്സങ്ങൾ മുൻകൂട്ടി പ്രവചിക്കാനും ഇത് സഹായിക്കും. നാസയിലെ ഗവേഷകർക്ക് പുറമെ പുറത്തുനിന്നുള്ള ശാസ്ത്രജ്ഞർക്കും അപേക്ഷാ അടിസ്ഥാനത്തിൽ ഈ സൂപ്പർ കമ്പ്യൂട്ടറിന്റെ സേവനം ലഭ്യമാകും.

വലിയ അളവിലുള്ള ഡാറ്റകൾ വിശകലനം ചെയ്യാൻ കഴിയുന്നതിനാൽ, പുതിയ ഗ്രഹങ്ങളെക്കുറിച്ചും അവയുടെ ചലനങ്ങളെക്കുറിച്ചും സമഗ്രമായി പഠിക്കാൻ നാസയ്ക്ക് സാധിക്കും. ഇത് ദൗത്യങ്ങൾക്ക് അനുയോജ്യമായ വിക്ഷേപണ വാഹനങ്ങളും പേടകങ്ങളും നിർമ്മിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും. മനുഷ്യരാശിയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന നാസയുടെ വലിയൊരു നാഴികക്കല്ലായാണ് അഥീന വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *