സാമ്രാജ്യങ്ങളുടെ പതനവും വിലപിക്കുന്ന മനസ്സാക്ഷിയും,ബിസിനസ് വിജയങ്ങള്‍ക്കിടയില്‍ ഹോമിക്കപ്പെടുന്ന മനുഷ്യ ജീവനുകള്‍

അധികാരവും മൂലധനവും തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കുന്നു?

എഡിറ്റോറിയല്‍ |ഡോ.ബാബു ഫിലിപ്പ് അഞ്ചനാട്ട് |ചീഫ് എഡിറ്റര്‍

ഇന്ത്യയുടെ പ്രിത്യേകിച്ചു കേരളത്തിന്റെ മണ്ണില്‍ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന ബിസിനസ്സ് സാമ്രാജ്യങ്ങളുടെ അധിപന്മാരില്‍ ചിലര്‍ ഒന്നൊന്നായി സ്വയം ജീവിതം അവസാനിപ്പിക്കുന്നത് കേവലം യാദൃശ്ചികതയല്ല,മറിച്ച് ഗുരുതരമായ ഒരു സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണോ? കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.സി.ജെ. റോയ്,കഫേ കോഫി ഡേയുടെ വി.ജി.സിദ്ധാര്‍ത്ഥ,ദുബായിലെ പ്രമുഖ വ്യവസായി വായനട്ടുകാരന്‍ ജോയ് അറക്കല്‍ തുടങ്ങി അടുത്തയിടയില്‍ നാം കണ്ട അകാല മരണങ്ങള്‍ ഇന്ത്യന്‍ സംരംഭകത്വത്തിന്റെ പിന്നാമ്പുറങ്ങളിലെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളെയാണ് തുറന്നുകാട്ടുന്നത്.

തകരുന്ന സുസ്ഥിരതയും സാമൂഹിക പ്രതിച്ഛായയുടെ ഭാരവും ഒരു സംരംഭകന്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം സാമ്പത്തിക നഷ്ടത്തേക്കാള്‍ ഉപരി തന്റെ ‘സോഷ്യല്‍ ഇമേജ്’ അഥവാ സാമൂഹിക പ്രതിച്ഛായ നിലനിര്‍ത്തുക എന്നതാണ്.ഡോ. സി.ജെ.റോയിയെപ്പോലുള്ളവര്‍ തങ്ങളുടെ ജീവിതശൈലി കൊണ്ടും വിജയഗാഥകള്‍ കൊണ്ടും യുവതലമുറയ്ക്ക് മാതൃകയാകാന്‍ ശ്രമിച്ചവരാണ്.എന്നാല്‍ ബിസിനസ്സിലെ ചെറിയൊരു വീഴ്ചയോ തിരിച്ചടിയോ ഉണ്ടാകുമ്പോള്‍,ലോകത്തിന് മുന്നില്‍ താന്‍ പരാജയപ്പെട്ടു എന്ന് സമ്മതിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല.ബിസിനസ്സ് സുസ്ഥിരത എന്നത് ലാഭക്കണക്കുകളില്‍ മാത്രമല്ല,പ്രതിസന്ധികളെ നേരിടാനുള്ള മാനസിക കരുത്തില്‍ കൂടിയാണെന്ന് നാം വിസ്മരിക്കുന്നു.

‘ടാക്‌സ് ടെററിസം’ എന്ന ഭരണകൂട ഭീകരത ഈ മരണങ്ങളിലെല്ലാം ആവര്‍ത്തിച്ചു കേള്‍ക്കുന്ന ഒന്നാണ് ഭരണകൂടഏജന്‍സികളുടെ സമ്മര്‍ദ്ദം.ഇന്‍കം ടാക്‌സ് റെയ്ഡുകളും ഔദ്യോഗിക പീഡനങ്ങളും ഒരു വ്യവസായിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലേക്ക് വളരുന്നുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന സംരംഭകരെ കുറ്റവാളികളെപ്പോലെ കാണുന്ന സമീപനം ആത്മഹത്യാ പരമാണ്.സിദ്ധാര്‍ത്ഥയുടെ കത്തിലും റോയിയുടെ മരണസാഹചര്യങ്ങളിലും നിഴലിക്കുന്നത് ഉദ്യോഗസ്ഥവൃന്ദത്തിന്റെ വിട്ടുവീഴ്ചയില്ലാത്തതും ചിലപ്പോള്‍ പ്രതികാരബുദ്ധിയോടെയുള്ളതുമായ ഇടപെടലുകളാണ്.

ഭരണകൂടത്തിന്റെ ചടുല വേഗങ്ങള്‍ ആര്‍ക്കു വേണ്ടി? നികുതി വെട്ടിപ്പും നിയമലംഘനങ്ങളും തടയപ്പെടേണ്ടത് തന്നെയാണ്.എന്നാല്‍ നിയമം നടപ്പിലാക്കുന്നത് ഒരു മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടു കൊണ്ടാവരുത്. സുതാര്യമായ ഭരണസംവിധാനത്തിന് പകരം ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത് രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ തകര്‍ക്കും.

സംഭരംഭകര്‍ ശ്രദ്ധിക്കണ്ട ചില കാര്യങ്ങള്‍

വലിയ ലാഭങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും പിന്നാലെയുള്ള പരക്കംപാച്ചിലിനിടയില്‍ സ്വന്തം മാനസികാരോഗ്യം പലരും അവഗണിക്കുന്നു.പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ലെന്നും ബിസിനസ്സ് പരാജയപ്പെട്ടാലും മനുഷ്യന്‍ അതിജീവിക്കണമെന്നുമുള്ള അവബോധം അനിവാര്യമാണ്.ജീവിതം ബിസിനസ്സിനേക്കാള്‍ വലുതാണ്. കോടികളുടെ കടബാധ്യതയുണ്ടായിരുന്നാലും കോടികളുടെ റെയ്ഡ് നടന്നാലും ഒരു മനുഷ്യജീവന്റെ വിലയോളം അത് വരില്ല.സാമ്പത്തിക സാമ്രാജ്യങ്ങള്‍ തകര്‍ന്നാലും വീണ്ടും കെട്ടിപ്പൊക്കാം,എന്നാല്‍ നഷ്ടപ്പെട്ട ജീവന്‍ തിരികെ ലഭിക്കില്ല.വിജയം മാത്രം ആഘോഷിക്കുന്ന ഒരു സമൂഹം പരാജയപ്പെടുന്നവരെ ചേര്‍ത്തുപിടിക്കാന്‍ കൂടി പഠിക്കേണ്ടതുണ്ട്. ഭരണകൂടം തങ്ങളുടെ പരിശോധനാ രീതികളില്‍ മാനുഷികമായ മാറ്റങ്ങള്‍ വരുത്തുകയും,സംരംഭകര്‍ തങ്ങളുടെ ജീവിതത്തിന് ബിസിനസ്സിനേക്കാള്‍ പ്രാധാന്യം നല്‍കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ അവസാനിക്കൂ.നമുക്ക് വേണ്ടത് മരിച്ചു വീഴുന്ന ധനികരെയല്ല,പ്രതിസന്ധികളില്‍ തളരാതെ പോരാടി ജയിക്കുന്ന സംരംഭകരെയാണ്.

അതിജീവനം തന്നെയാണ് ഏറ്റവും വലിയ വിജയം.

Leave a Reply

Your email address will not be published. Required fields are marked *