തൊടുപുഴ: ഹൃദയപൂർവ്വം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികൾക്കായി പഠനോപകരണ വിതരണവും ഹെയർ ഡൊണേഷൻ ക്യാമ്പും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ് നിർവ്വഹിച്ചു. ചടങ്ങിൽ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികൾ ഒരുക്കിയ സംഗീതവിരുന്നിൽ ചീഫ് വിപ്പ് അപു ജോൺ ജോസഫ് സ്വയം ഡ്രംസ് വായിച്ചത് പരിപാടിക്ക് മാറ്റുകൂട്ടി.
ഇതിനോടനുബന്ധിച്ച് ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ മികച്ച പങ്കാളിത്തമാണ് ദൃശ്യമായത്. മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികളും ജീവനക്കാരും കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ പൊതുജനങ്ങളും ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി മുടി ദാനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയുണ്ടായി.
വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് കരസ്ഥമാക്കിയ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്റ്റേഷൻ ഓഫീസർ ജാഫർ ഖാനെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഹൃദയപൂർവ്വം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ എം. എം. അൻസാരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ‘BIRK Blood is Red’ കൂട്ടായ്മ ഫൗണ്ടർ അസീസ് കല്ലുമ്പുറം മുഖ്യപ്രഭാഷണം നടത്തി. റഫീഖ് അസീസ്, സ്റ്റെഫിൻ, ആഷിക്ക് വെമ്പാ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സാമൂഹിക പ്രതിബദ്ധതയും കാരുണ്യവും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടർന്നും സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. ചടങ്ങിന് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സെക്രട്ടറി ജോഷി മാത്യു സ്വാഗതവും അഡ്മിനിസ്ട്രേറ്റർ സ്നേഹാ ജോഷി നന്ദിയും രേഖപ്പെടുത്തി.

