‘ആക്രമിച്ചാൽ പ്രാദേശിക യുദ്ധം പൊട്ടിപ്പുറപ്പെടും’: യു.എസിന് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്‌റാൻ: യു.എസ്. സൈന്യം ആക്രമിച്ചാൽ വൻ പ്രാദേശിക യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ഇറാൻ നേതൃത്വം. ഇറാന്റെ പ്രതിഷേധക്കാർക്കെതിരായ നടപടികളിൽ പ്രകോപിതനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മേഖലയിലേക്ക് വൻ നാവികപ്പടയെ അയച്ചതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇതിനിടെ, യൂറോപ്യൻ യൂണിയനിലെ സൈന്യങ്ങളെ ‘ഭീകര സംഘടനകളായി’ പ്രഖ്യാപിച്ച് ഇറാൻ പാർലമെന്റ് തിരിച്ചടിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ (IRGC) യൂറോപ്യൻ യൂണിയൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ പിന്നാലെയാണ് ഈ നീക്കം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് സമീപം വൻ നാവിക സന്നാഹത്തെ വിന്യസിച്ചതോടെയാണ് മേഖലയിൽ അസ്വാരസ്യങ്ങൾ മൂർച്ഛിച്ചത്. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെയുള്ള നടപടികൾ നിർത്തണമെന്നും ആണവ കരാറിന് ഇറാൻ തയ്യാറാകണമെന്നുമാണ് ട്രംപിന്റെ ആവശ്യം.

യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പൽ നയിക്കുന്ന യു.എസ്. യുദ്ധക്കപ്പലുകൾ ഇറാന്റെ തീരത്തേക്കയച്ചത് നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന് കാരണമാകുമെന്ന് ലോകരാജ്യങ്ങൾ ആശങ്കപ്പെടുന്നു. എന്നാൽ ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിട്ടുണ്ടെന്ന് ഇരുപക്ഷവും സൂചിപ്പിക്കുന്നുമുണ്ട്. സംഘർഷത്തിലേക്ക് പോയാൽ അത് ഇറാനും അമേരിക്കയ്ക്കും ദോഷം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പറഞ്ഞു. ആക്രമണമുണ്ടായാൽ ഇസ്രായേൽ അടക്കമുള്ള അമേരിക്കൻ സഖ്യകക്ഷികൾക്ക് നേരെ മിസൈൽ വർഷമുണ്ടാകുമെന്നും ഇറാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *