പാപ്പിനിശ്ശേരി മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി അഞ്ചു മുതല്‍ അടച്ചിടും; പണികൾ ഈ മാസം അവസാനത്തോടെ തീരും

കണ്ണൂർ: പാപ്പിനിശ്ശേരി മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി അഞ്ച് മുതല്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ച് അടച്ചിടും. കെ.വി സുമേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും വിദഗ്ധരും നടത്തിയ പരിശോധനയിലാണ് ഈ തീരുമാനമെടുത്തത്. ഫെബ്രുവരി അവസാനത്തോടെ പണികൾ പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

2018-ല്‍ തുറന്നുകൊടുത്ത പാലത്തിന്റെ ഉപരിതലം തുടര്‍ച്ചയായി തകരുന്ന സാഹചര്യം പരിശോധിക്കാനാണ് നിലവിലെ ടാറിംഗ് പൂര്‍ണ്ണമായും ഇളക്കിമാറ്റുന്നത്. തുടർന്ന് പാലത്തിന്റെ സ്ലാബുകളിൽ മൈക്രോ കോണ്‍ക്രീറ്റിംഗ് നടത്തി അതിനു മുകളിൽ ബി.സി (Bituminous Concrete) ഓവര്‍ലേ ചെയ്യും. കോണ്‍ക്രീറ്റിന് ആവശ്യമായ ക്യൂറിംഗ് സമയം ഉറപ്പാക്കേണ്ടതിനാലാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടയുന്നത്.

പാലത്തിന്റെ തകരാറുകൾ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മന്ത്രിയുടെ നിർദ്ദേശാനുസരണം കെ.എസ്.ടി.പി പ്രൊജക്റ്റ് ഡയറക്ടറും വിദഗ്ധരും നേരത്തെ സ്ഥലം സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ശാസ്ത്രീയമായ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നത്.

പരിശോധനയിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് ചന്ദ്രമതി, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍ കൊയിലേര്യന്‍ തുടങ്ങിയവരും കെ.എസ്.ടി.പിയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

യാത്രക്കാർ ശ്രദ്ധിക്കാൻ: പാലം അടച്ചിടുന്ന സാഹചര്യത്തിൽ ഈ വഴി കടന്നുപോകേണ്ട വാഹനങ്ങൾക്കായി പോലീസ്/പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന ബദൽ പാതകൾ ഉപയോഗിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *