ആയുര്‍വേദത്തിന്റെ ആസ്ഥാനമായി കേരളം അന്താരാഷ്ട്ര അംഗീകാരം നേടി: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്‌: അനുകൂലമായ കാലാവസ്ഥയും ജൈവവൈവിധ്യവും പാരമ്പര്യ അറിവുകളും കോർത്തിണക്കി കേരളം ആയുര്‍വേദത്തിന്റെ ആഗോള ആസ്ഥാനമായി മാറിയെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പും ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുര്‍വേദത്തെ വെറുമൊരു ടൂറിസം ഉൽപ്പന്നമായി മാത്രം കാണാതെ, ഗവേഷണത്തിലധിഷ്ഠിതമായ ജനകേന്ദ്രീകൃത ആരോഗ്യ സംവിധാനമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വെല്‍നസ് മൂല്യങ്ങള്‍ ആഗോളതലത്തില്‍ എത്തിക്കുന്നതിനായി ഇന്റര്‍നാഷണല്‍ ആയുര്‍വേദ ആന്‍ഡ് യോഗ അംബാസഡേഴ്സ് ടൂറിനും തുടക്കമിട്ടു.

ഹോട്ടല്‍ ട്രിപ്പന്റയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഒ. സദാശിവന്‍ അധ്യക്ഷനായി. ടൂറിസം-പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. ആയുര്‍വേദ വെല്‍നസ് മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.

കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്ന് (ഫെബ്രുവരി 3) ഹോട്ടല്‍ ഡിമോറയില്‍ ബി ടു ബി (B2B) നെറ്റ്വര്‍ക്ക് പരിപാടിയും പ്രദര്‍ശനവും നടക്കും. ആയുര്‍വേദത്തെയും വെല്‍നസ് സംവിധാനങ്ങളെയും അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ മുഖമുദ്രയാക്കി മാറ്റാനാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്.

ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, സംഘാടക സമിതി ചെയര്‍മാന്‍ സജീവ് കുറുപ്പ്, പി. മാധവന്‍കുട്ടി വാര്യര്‍, ബേബി മാത്യു സോമതീരം, നിത്യാനന്ദ കമ്മത്ത്, എ.പി. അബ്ദുള്ളക്കുട്ടി, ജിഹാദ് ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *