കോഴിക്കോട്: മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽ നിന്ന് 23 കിലോ ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. അസാധാരണമാംവിധം വയർ വീർത്തതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ 25-കാരിയിലാണ് ഈ അപൂർവ മുഴ കണ്ടെത്തിയത്. രണ്ട് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് 45 സെന്റിമീറ്റർ നീളവും വീതിയുമുള്ള കൂറ്റൻ മുഴ വിജയകരമായി നീക്കിയത്.
മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുൺ പ്രീതിന്റെ നിർദ്ദേശപ്രകാരം ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നിലവിൽ രോഗി സുഖം പ്രാപിച്ചു വരുന്നു.
സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ മെഡിക്കൽ സംഘത്തെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. മോളി സാം, അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.എം. സിദ്ദീഖ്, സീനിയർ റസിഡന്റ് ഡോ. എമിൽ ജോസ് എന്നിവരും അനസ്തേഷ്യ വിഭാഗം പ്രൊഫസർ ഡോ. എൻ. തസ്‌നിം മുഹമ്മദ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലക്ഷ്മി വി. നായർ തുടങ്ങിയവരും നഴ്സിംഗ് ജീവനക്കാരും അടങ്ങുന്ന സംഘമാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്

