ലോക ക്യാൻസർ ദിനാചരണം: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ലോക ക്യാൻസർ ദിനാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി. ഈരാറ്റുപേട്ട ലയൺസ് ക്ലബ്ബ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ക്യാൻസർ രോഗികളിൽ പകുതിയിലധികം പേർക്കും ചികിത്സയുടെ ഭാഗമായി രക്തം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലാണ് ദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. ശ്രീകല ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് അനുഗ്രഹ പ്രഭാഷണവും ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. ഈരാറ്റുപേട്ട ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ ബിനോയി സി. ജോർജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ്, ഡോ. വി.ഡി. മാമച്ചൻ, ഡോ. കെലീറ്റ ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക്, പാലാ മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 125-ഓളം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. ബ്ലഡ് ബാങ്ക് ഇൻ ചാർജ്മാരായ സിസ്റ്റർ ബിൻസി എഫ്.സി.സി, മനു കെ.എം, ലയൺസ് ക്ലബ് സെക്രട്ടറി ജയിംസ് ജോസഫ്, വോളന്റീയർ സെക്രട്ടറിമാരായ നിർമ്മൽ പ്രകാശ്, അബിനേഷ് രാജേഷ്, ഏയ്ഞ്ചൽ മരിയ ജോസ്, ജ്വാല അന്ന ജോർജ് എന്നിവർ ക്യാമ്പിന് ആവശ്യമായ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *