കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങൾ കൈമാറി: പെർത്ത് സ്വദേശിക്ക് തടവുശിക്ഷ

പെർത്ത്: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങൾ ഓൺലൈൻ വഴി കൈമാറ്റം ചെയ്ത കേസിൽ വെസ്റ്റ് ഓസ്‌ട്രേലിയൻ സ്വദേശിക്ക് 15 മാസം തടവ് ശിക്ഷ വിധിച്ചു. വാനറൂ (Wanneroo) സ്വദേശിയായ 38-കാരനെയാണ് പെർത്ത് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. കേസിലെ വിധിപ്രസ്താവം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്.

ശിക്ഷാ കാലാവധിയായ 15 മാസത്തിൽ ആറുമാസം പ്രതി നിർബന്ധമായും ജയിലിൽ കഴിയണം. ബാക്കിയുള്ള കാലയളവിൽ 12 മാസത്തേക്ക് നല്ല നടപ്പ് ഉപാധിയോടെ (Recognisance order) ഇയാളെ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഡിറ്റക്റ്റീവ് ആക്ടിംഗ് ഇൻസ്പെക്ടർ ഫ്ലിയർ ജെന്നിംഗ്സ് വ്യക്തമാക്കി. ഇത്തരം ദൃശ്യങ്ങൾ നിർമ്മിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ലോകത്തിന്റെ ഏത് കോണിലായാലും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകി.

കുട്ടികൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ‘ഓസ്‌ട്രേലിയൻ സെന്റർ ടു കൗണ്ടർ ചൈൽഡ് എക്‌സ്‌പ്ലോയിറ്റേഷനുമായി’ (ACCCE) ബന്ധപ്പെടണമെന്നും, ഒരു കുട്ടി അപകടത്തിലാണെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ 000 എന്ന നമ്പറിൽ പോലീസിനെ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *