പോലീസ് ചമഞ്ഞ് ക്രിപ്‌റ്റോ തട്ടിപ്പ്; ‘ഓപ്പറേഷൻ ഫയർസ്റ്റോം’ എന്ന പേരിൽ തട്ടിപ്പ് വ്യാപകം

കാൻബറ: ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) ഉദ്യോഗസ്ഥർ എന്ന വ്യാജേന ഫോൺ വിളിച്ച് ക്രിപ്‌റ്റോകറൻസി തട്ടിയെടുക്കുന്ന സംഘം സജീവമാകുന്നതായി അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. എഎഫ്‌പിയുടെ ഔദ്യോഗിക ദൗത്യമായ ‘ഓപ്പറേഷൻ ഫയർസ്റ്റോം’ (Operation Firestorm) എന്ന പേര് ദുരുപയോഗം ചെയ്താണ് ക്രിമിനൽ സംഘം തട്ടിപ്പ് നടത്തുന്നത്.

ഇരയാക്കപ്പെടാൻ സാധ്യതയുള്ള വ്യക്തിയുടെ പേരിൽ തട്ടിപ്പുകാർ തന്നെ ആദ്യം ‘റിപ്പോർട്ട് സൈബർ’ (ReportCyber) പോർട്ടലിൽ ഒരു വ്യാജ പരാതി രജിസ്റ്റർ ചെയ്യും. ഇതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ഇരയെ ഫോണിൽ വിളിക്കും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്നും (Data Breach) ഡിജിറ്റൽ ആസ്തികൾ സുരക്ഷിതമാക്കാൻ ക്രിപ്‌റ്റോകറൻസി കൈമാറണമെന്നും ഇവർ ആവശ്യപ്പെടും. ‘ഡിറ്റക്റ്റീവ് സാർജന്റ് ടിം ഹൊവാർഡ്’ എന്ന പേരോ അല്ലെങ്കിൽ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുകളോ ആണ് വിശ്വാസ്യത ഉറപ്പിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.

പൊതുജനങ്ങൾ ശ്രദ്ധിക്കാൻ:

പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് പണമോ ക്രിപ്‌റ്റോകറൻസിയോ ആവശ്യപ്പെട്ട് കോളുകൾ വന്നാൽ ഉടൻ വിച്ഛേദിക്കുക. ഫോണിലൂടെയോ ഇമെയിലിലൂടെയോ ആവശ്യപ്പെടുന്ന അക്കൗണ്ട് വിവരങ്ങളോ സീഡ് ഫ്രേസുകളോ (Seed Phrases) യാതൊരു കാരണവശാലും കൈമാറരുത്. വ്യാജ പരാതികൾ തടയാൻ ‘റിപ്പോർട്ട് സൈബർ’ പോർട്ടലിൽ പുതുതായി ഏർപ്പെടുത്തിയ ഒടിപി (OTP) സംവിധാനം ശ്രദ്ധിക്കുക. ഈ ഒടിപി ആരുമായും പങ്കുവെക്കരുത്.

തട്ടിപ്പുകാർ വളരെ വേഗത്തിൽ പ്രതികരിക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും ഇത്തരം സന്ദർഭങ്ങളിൽ പരിഭ്രാന്തരാകാതെ വിവേകത്തോടെ പ്രവർത്തിക്കണമെന്നും പോലീസ് അറിയിച്ചു. തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ ‘റിപ്പോർട്ട് സൈബറിൽ’ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *