ബസ് തകരാറും അനാസ്ഥയും: ഉദ്യോഗാർത്ഥിക്ക് ട്രാവൽസ് ഉടമ നഷ്ടപരിഹാരം നൽകാൻ വിധി

കൊച്ചി: ബസ് യാത്രയ്ക്കിടെയുണ്ടായ തുടർച്ചയായ യന്ത്രത്തകരാറുകളും സേവനത്തിലെ അനാസ്ഥയും മൂലം ഉദ്യോഗാർത്ഥിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ ട്രാവൽസ് ഉടമ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. കാക്കനാട് സ്വദേശികളായ അനിൽ ബേബിയും ഭാര്യ സ്നേഹ റോസ് കുര്യനും ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ വിനായക ട്രാവൽസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഈ സുപ്രധാന വിധി.

2023 മെയ് 20-ന് ബംഗളൂരുവിൽ നടന്ന പരീക്ഷയിൽ പങ്കെടുക്കാനായി പരാതിക്കാർ ശ്രീ വിനായക ട്രാവൽസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ യാത്രയ്ക്കിടെ പാലക്കാട് വെച്ച് ബസിന്റെ ടയർ പഞ്ചറായതോടെയാണ് ദുരിതങ്ങളുടെ തുടക്കം. ടയർ മാറ്റാനുള്ള പ്രാഥമിക ഉപകരണങ്ങൾ പോലും വാഹനത്തിലുണ്ടായിരുന്നില്ല. ഇതിനുപുറമെ, റോഡ് നികുതി കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് വാളയാർ ചെക്ക് പോസ്റ്റിൽ വെച്ച് അധികൃതർ ബസ് തടയുകയും ചെയ്തു. തുടർന്നുണ്ടായ യന്ത്രത്തകരാറുകൾ കൂടി ആയതോടെ യാത്ര പൂർണ്ണമായും തടസ്സപ്പെട്ടു. പരീക്ഷാ സമയത്ത് ഹാളിലെത്താൻ കഴിയാത്ത സാഹചര്യം വന്നതോടെ ദമ്പതികൾക്ക് കോയമ്പത്തൂരിൽ നിന്ന് 14,000 രൂപ നൽകി ടാക്സി വിളിച്ച് യാത്ര തുടരേണ്ടി വന്നു.

സേവനദാതാവിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കൾ കമ്മീഷനെ സമീപിച്ചത്. യാത്രക്കാർക്ക് സുരക്ഷിതവും പ്രവർത്തനക്ഷമവുമായ വാഹനം ഉറപ്പാക്കേണ്ടത് സേവനദാതാവിന്റെ പ്രാഥമിക കടമയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. ടയർ മാറ്റാനുള്ള ഉപകരണങ്ങൾ പോലുമില്ലാതെ സർവീസ് നടത്തിയത് സേവനത്തിലെ വീഴ്ചയാണെന്നും, നികുതി അടയ്ക്കാത്തതും അറ്റകുറ്റപ്പണികൾ നടത്താത്തതും നിയമപരമായ അനാസ്ഥയാണെന്നും കമ്മീഷൻ വ്യക്തമാക്കി.

ടിക്കറ്റ് തുകയായ 3,174 രൂപയും അടിയന്തര യാത്രയ്ക്കായി ചിലവായ 14,000 രൂപയും ഉൾപ്പെടെ 17,174 രൂപ പരാതിക്കാർക്ക് തിരികെ നൽകണം. കൂടാതെ, ദമ്പതികൾക്കുണ്ടായ മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകൾക്കും കോടതി ചെലവിനുമായി 30,000 രൂപ കൂടി നഷ്ടപരിഹാരമായി 45 ദിവസത്തിനകം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. പരാതിക്കാർക്ക് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *