ഇന്ത്യയിലെ ക്യാബ് ഹെയ്‌ലിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ‘ഭാരത് ടാക്സി’ ന്യൂഡൽഹിയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പിന്തുണയോടെ സഹകരണ മാതൃകയിൽ പ്രവർത്തിക്കുന്ന ഈ ആപ്പ് ഉച്ചകഴിഞ്ഞ് 3 മണിക്ക് കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഡൽഹി-എൻസിആർ മേഖലയിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുകയെങ്കിലും ഉടൻ തന്നെ രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഡ്രൈവർമാരുടെ ഉടമസ്ഥതയിലുള്ള ഈ സേവനം ‘സഹകാർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡ്’ ആണ് നിയന്ത്രിക്കുന്നത്.
നിലവിലെ സ്വകാര്യ ടാക്സി കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ഓരോ റൈഡിൽ നിന്നും കമ്മീഷൻ ഈടാക്കുന്ന രീതി ഭാരത് ടാക്സിയിൽ ഇല്ല. പകരം ഡ്രൈവർമാർ പ്രതിദിനം 30 രൂപ ഫീസായി നൽകിയാൽ മതിയാകും. ‘സാരഥി’ എന്ന് വിളിക്കപ്പെടുന്ന ഓരോ ഡ്രൈവർക്കും ഈ സഹകരണ സംഘത്തിൽ അഞ്ച് ഓഹരികൾ വീതം ഉണ്ടായിരിക്കും. ഡ്രൈവർമാരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനും അവർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനുമാണ് ഈ സീറോ-കമ്മീഷൻ മോഡലിലൂടെ ലക്ഷ്യമിടുന്നത്. ലോകപ്രശസ്തമായ അമുൽ മോഡലിനെ പിന്തുടരുന്ന ഈ സംരംഭത്തിന് പിന്നിൽ അമുലിൽ പ്രവർത്തിച്ചിരുന്ന വിദഗ്ധരുടെ പിന്തുണയുമുണ്ട്.
യാത്രക്കാർക്ക് മറ്റ് ആപ്പുകളെ അപേക്ഷിച്ച് 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ഭാരത് ടാക്സിയിലൂടെ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. സ്വകാര്യ കമ്പനികൾ റൈഡുകളിൽ നിന്ന് ഈടാക്കുന്ന വലിയ കമ്മീഷൻ ഒഴിവാക്കുന്നതിലൂടെ ആ ലാഭം യാത്രക്കാർക്ക് കൈമാറാൻ സാധിക്കും. എസി, നോൺ-എസി ക്യാബുകൾക്ക് പുറമെ ഓട്ടോകളും ബൈക്ക് ടാക്സികളും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. നേരത്തെ നടത്തിയ പരീക്ഷണ ഘട്ടത്തിൽ പ്രതിദിനം 5,500-ഓളം റൈഡുകൾ വിജയകരമായി പൂർത്തിയാക്കാൻ ഭാരത് ടാക്സിക്ക് സാധിച്ചിരുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡൽഹി പോലീസുമായി സഹകരിച്ച് പ്രത്യേക സംവിധാനങ്ങൾ ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 35 പ്രത്യേക ബൂത്തുകളും ബിൽറ്റ്-ഇൻ ഹെൽപ്പ്‌ലൈൻ സേവനങ്ങളും ലഭ്യമാണ്. ഓരോ ഡ്രൈവർക്കും കർശനമായ പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷമേ പ്ലാറ്റ്‌ഫോമിൽ പ്രവേശനം നൽകുകയുള്ളൂ. നിലവിൽ നാല് ലക്ഷത്തിലധികം ഡ്രൈവർമാർ ഇതിനോടകം തന്നെ ഭാരത് ടാക്സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

