പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥ പത്തനംതിട്ടയിൽ നിന്നും പ്രയാണം ആരംഭിക്കും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയാണ് ജാഥാ ക്യാപ്റ്റൻ.
പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് രാവിലെ ജാഥയുടെ ഉദ്ഘാടനം നടക്കും. പത്തനംതിട്ട മുതൽ എറണാകുളം വരെയുള്ള ജില്ലകളിലൂടെയാണ് ഈ വികസന മുന്നേറ്റ ജാഥ കടന്നുപോകുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ വികസന – ക്ഷേമ പദ്ധതികൾ വിശദീകരിക്കുകയും, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ജനവികാരം രൂപപ്പെടുത്തുകയുമാണ് ജാഥയുടെ പ്രധാന ലക്ഷ്യം.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ചീഫ് വിപ്പ് എൻ. ജയരാജ്, സിപിഎം നേതാക്കളായ കെ.കെ. ശൈലജ, പി.കെ. ബിജു, സിപിഐ നേതാവ് പി.പി. സുനീർ തുടങ്ങിയ പ്രമുഖ എൽഡിഎഫ് നേതാക്കൾ ജാഥയിൽ ഉടനീളം പങ്കെടുക്കും. ജോസ് കെ. മാണി മുന്നണി മാറുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം നേരിട്ട് ജാഥാ ക്യാപ്റ്റനായി രംഗത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. എൽഡിഎഫ് ഐക്യം ഉറപ്പിക്കാനും മധ്യകേരളത്തിൽ സ്വാധീനം വർധിപ്പിക്കാനും ഈ യാത്രയിലൂടെ പാർട്ടി ലക്ഷ്യമിടുന്നു.

