ഫ്രാൻസിൽ മിറാഷ് യുദ്ധവിമാനം തകർന്നുവീണു; ഒരാൾ മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ

പാരിസ്: ഫ്രാൻസിന്റെ മിറാഷ് 2000ഡി യുദ്ധവിമാനം തകർന്നുവീണ് ഒരാൾ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ജീവനക്കാരനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. കിഴക്കൻ ഫ്രാൻസിലെ മ്യൂർത്ത്-എറ്റ്-മൊസെൽ മേഖലയിലുള്ള റോജെവില്ലിന് സമീപം ചൊവ്വാഴ്ച രാത്രി പരിശീലന പറക്കലിനിടെയാണ് അപകടം.

നാൻസി-ഓഷെ സൈനിക വ്യോമതാവളത്തിൽനിന്നുള്ള വിമാനത്തിൽ ഒരു ഫൈറ്റർ പൈലറ്റും ആയുധ സംവിധാനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമാണ് ഉണ്ടായിരുന്നത്. രാത്രി പരിശീലന ദൗത്യം പൂർത്തിയാക്കി മടങ്ങുന്നതിനിടെ വിമാനവുമായുള്ള റേഡിയോ, റഡാർ ബന്ധങ്ങൾ നഷ്ടപ്പെടുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. മരിച്ചയാളുടെ ഔദ്യോഗിക തിരിച്ചറിയൽ സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിട്ടിട്ടില്ല.

അപകടത്തെത്തുടർന്ന് സൈനികരും അഗ്നിരക്ഷാസേനയും പൊലീസും ഉൾപ്പെടുന്ന സംഘം തിരച്ചിൽ ആരംഭിച്ചു. ഡ്രോണുകളുടെ സഹായത്തോടെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ സുരക്ഷാ അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഫ്രഞ്ച് കമ്പനിയായ ഡസോ ഏവിയേഷൻ നിർമിച്ച ഇരട്ടസീറ്റർ യുദ്ധവിമാനമാണ് മിറാഷ് 2000ഡി. പകലും രാത്രിയും വിവിധ സാഹചര്യങ്ങളിൽ കരയിലെ ലക്ഷ്യങ്ങളെ ആക്രമിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ വിമാനം ഫ്രഞ്ച് വ്യോമസേനയുടെ പ്രധാന യുദ്ധവിമാനങ്ങളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *