നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റനിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടി മലയാളി താരം ആൽഫിയ ജെയിംസ് ചരിത്രം കുറിച്ചു. വനിതാ ഡബിൾസിൽ പല്ലവി കലുവെഹള്ളിക്കൊപ്പം മത്സരിച്ച ആൽഫിയ വെങ്കല മെഡലാണ് സ്വന്തമാക്കിയത്.
സെമിഫൈനലിൽ ചൈനയുടെ സു ടിങ്ടിങ്–യാങ് ഫാൻ സഖ്യത്തോട് 3–21, 9–21 എന്ന സ്കോറിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ സഖ്യത്തിന് വെങ്കലം ലഭിച്ചത്. സെമിഫൈനലിൽ പ്രവേശിച്ചതോടെ തന്നെ മെഡൽ ഉറപ്പിച്ചിരുന്നു. വീൽചെയർ ബാഡ്മിന്റനിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ പാരാ ഗെയിംസ് മെഡലാണിത്.
മൂവാറ്റുപുഴ പിറമാടം സ്വദേശിയായ ആൽഫിയയ്ക്ക് 17-ാം വയസ്സിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് വീണുണ്ടായ അപകടത്തിലാണ് അരയ്ക്കു താഴെ തളർച്ച സംഭവിച്ചത്. അപകടത്തിനു മുൻപ് ബാസ്കറ്റ്ബോൾ താരമായിരുന്ന ആൽഫിയ പിന്നീട് പാരാ കായികരംഗത്തേക്ക് തിരിയുകയായിരുന്നു. ആദ്യം പവർലിഫ്റ്റിങ്ങിൽ പരിശീലനം നേടിയ താരം പിന്നീട് ബാഡ്മിന്റനിലേക്ക് മാറി.
ചരിത്രനേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആൽഫിയ പ്രതികരിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് നൽകുന്ന പരിഗണന ഏഷ്യൻ പാരാ ഗെയിംസ് മെഡൽ ജേതാക്കൾക്കും നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

