ഇടുക്കിയിൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ട്; മലയോരത്ത് രാത്രിയാത്രയ്ക്കും ജല-സാഹസിക വിനോദങ്ങൾക്കും നിരോധനം, കനത്ത ജാഗ്രത

പൈനാവ്: ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒക്ടോബർ 23, 24, 25 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കർശന മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും അപകടസാധ്യതയുള്ള മേഖലകളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശമുണ്ട്. മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പിൻവലിക്കുന്നതുവരെ മലയോരമേഖലകളിൽ വൈകീട്ട് ഏഴു മുതൽ രാവിലെ ആറുവരെയുള്ള രാത്രിയാത്ര പൂർണമായും നിരോധിച്ചു.

ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, വള്ളസവാരി തുടങ്ങിയ ജലവിനോദങ്ങളും ട്രക്കിങ്, അഡ്വഞ്ചർ ജീപ്പ് സഫാരി ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങളും ഓറഞ്ച്, റെഡ് അലർട്ട് ദിവസങ്ങളിൽ പൂർണ്ണമായി നിർത്തിവയ്ക്കണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അത്യാവശ്യ പ്രവർത്തനങ്ങൾ ഒഴികെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഓറഞ്ച്, റെഡ് അലർട്ട് ദിവസങ്ങളിൽ വൻകിട നിർമാണ പ്രവർത്തനങ്ങൾക്കും ബഹുനില കെട്ടിടങ്ങളുടെ നിർമാണത്തിനും അനുമതിയില്ല.

ശക്തമായ മഴയുള്ള സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കുന്നതിനും നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുന്നതിനും മീൻപിടിക്കുന്നതിനും കർശന വിലക്കേർപ്പെടുത്തി. മലയോര റോഡുകളിലൂടെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നദികൾക്ക് സമീപം നിൽക്കരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പുണ്ട്. അണക്കെട്ടുകൾക്ക് താഴെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നദികളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ, താലൂക്ക് തലങ്ങളിലെ ഇൻസിഡന്റ് റെസ്‌പോൺസ് സംവിധാനങ്ങൾ സജീവമാക്കും. ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി., പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയുടെ അടിയന്തര സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *