വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വിവാഹിതയായ സ്ത്രീയുടെ പരാതി നിലനിൽക്കില്ലെന്ന് സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. ബലാത്സംഗം തടയാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും യഥാർത്ഥ കേസുകൾ വിചാരണക്കോടതികൾ തിരിച്ചറിയണമെന്നും കോടതി ഓർമ്മിപ്പിച്ചു. ഛത്തീസ്ഗഡിലെ ഒരു വനിതാ അഭിഭാഷക സഹപ്രവർത്തകനെതിരെ നൽകിയ ബലാത്സംഗ പരാതി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ സാഹചര്യങ്ങളും പീഡനമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ലൈംഗിക ബന്ധത്തിന് സമ്മതം വാങ്ങുക എന്ന ഏക ലക്ഷ്യത്തോടെ മാത്രം വാഗ്ദാനം നൽകുകയും, തുടക്കം മുതൽ അത് നിറവേറ്റാൻ ഉദ്ദേശ്യമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഐപിസി സെക്ഷൻ 375 (നിലവിൽ ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ) പ്രകാരമുള്ള കുറ്റം നിലനിൽക്കുകയുള്ളൂ. പരാതിക്കാരി വിവാഹിതയായതിനാൽ തന്നെ ഇത്തരം ഒരു വാഗ്ദാനത്തിന്റെ പേരിൽ ലൈംഗിക ബന്ധമുണ്ടായി എന്ന വാദം വിശ്വസിക്കാൻ പ്രയാസമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
യഥാർത്ഥ ബലാത്സംഗക്കേസുകളെയും ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങളെയും വേർതിരിച്ചറിയാൻ കോടതികൾക്ക് കഴിയണമെന്ന് ബെഞ്ച് ഊന്നിപ്പറഞ്ഞു. വിവാഹിതയായ ഒരാൾക്ക് നിയമപരമായി മറ്റൊരു വിവാഹത്തിലേക്ക് ഉടൻ പ്രവേശിക്കാൻ കഴിയില്ലെന്നിരിക്കെ, വിവാഹ വാഗ്ദാനത്തിൽ വീണുപോയി എന്ന വാദം നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് പ്രതിക്കെതിരെയുള്ള കേസുകൾ കോടതി റദ്ദാക്കിയത്.

