മീഡിയ അക്കാദമിക്ക് കാക്കനാട് പുതിയ ആസ്ഥാനം; 31.56 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിക്ക് കാക്കനാട് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ആസ്ഥാനമന്ദിരം നിർമ്മിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. കിഫ്ബിയിൽ (KIIFB) നിന്നുള്ള 31 കോടി 56 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കുക. കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണത്തിനായി നിലവിലുള്ള അക്കാദമി ക്യാമ്പസിലെ കെട്ടിടവും സ്ഥലവും വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ മന്ദിരം ഉയരുന്നത്.

പ്രശസ്ത വാസ്തുശില്പി പത്മശ്രീ ജി. ശങ്കറിൻ്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പാണ് മന്ദിരത്തിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്.മെട്രോ റെയിൽ നിർമ്മാണത്തിനായി അക്കാദമിയുടെ കാക്കനാടുള്ള 3 ഏക്കർ 20 സെന്റ് ക്യാമ്പസിൽ നിന്ന് നിലവിലെ കെട്ടിടവും 75 സെന്റ് സ്ഥലവും ഏറ്റെടുക്കുന്നതിനാലാണ് പുതിയ ആസ്ഥാനം നിർമ്മിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കഴിഞ്ഞ 46 വർഷമായി മാധ്യമരംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയാണ്. മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *