നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മുഖം; ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി

തിരുവനന്തപുരം: പ്രദേശത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി. 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ആകെ 1940 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയുടെ പണികളാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്.

നിലവിൽ 640 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് താഴത്തെ നിലയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. രോഗികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള കാഷ്വാലിറ്റി വിഭാഗം, ഫാര്‍മസി, നഴ്സ് സ്റ്റേഷന്‍, ട്രീറ്റ്മെന്റ്-ഇന്‍ജെക്ഷന്‍ റൂമുകള്‍ എന്നിവ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. കൂടാതെ കോള്‍ഡ് ചെയിന്‍ റൂം, വിവിധ കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, രോഗികള്‍ക്ക് ഇരിക്കാനായി വിശാലമായ വെയിറ്റിങ് ഏരിയകള്‍, ശുചിമുറികള്‍, ഫാര്‍മസി സ്റ്റോറുകള്‍ എന്നിവയും ഈ നിലയില്‍ ഒരുക്കിയിട്ടുണ്ട്.

76.82 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ രണ്ട് സ്റ്റെയര്‍ റൂമുകളും നിര്‍മ്മാണത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കി. ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നതോടെ നന്ദിയോട്ടെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങൾക്ക് ഈ പുതിയ മന്ദിരം വലിയ ആശ്വാസമാകും. വരും ഘട്ടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ മുകൾ നിലകളിൽ സജ്ജമാക്കുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണതോതിലാകും.

Leave a Reply

Your email address will not be published. Required fields are marked *