നെല്ലിയാമ്പതിയുടെ കാർഷിക പെരുമയുമായി ‘നാച്ചുറ 26’ന് തുടക്കം; പ്രദർശന സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: നെല്ലിയാമ്പതിയുടെ തനതായ കാർഷിക വൈവിധ്യങ്ങളെയും ഇക്കോ ടൂറിസം സാധ്യതകളെയും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘നാച്ചുറ 26’ (NATOURA ’26) അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം. നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ രവി മീണ പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. കർഷകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരുപോലെ വിജ്ഞാനപ്രദമായ അനുഭവമായിരിക്കും ഈ ഫെസ്റ്റ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉദ്ഘാടനത്തിന് പിന്നാലെ സംഘടിപ്പിച്ച വെജിറ്റബിൾ കാർവിങ്, ക്രാഫ്റ്റ് ആൻഡ് ഫ്ലവർ അറേഞ്ച്മെന്റ് മത്സരങ്ങൾ മേളയ്ക്ക് മാറ്റുകൂട്ടി. വെജിറ്റബിൾ കാർവിങ് മത്സരത്തിൽ ഫാമിലെ കാഷ്വൽ തൊഴിലാളിയായ കെ.എഫ് തോമസ് ഒന്നാം സ്ഥാനവും ക്ലാർക്ക് എയ്ഞ്ചൽ സോഫിയ രണ്ടാം സ്ഥാനവും നേടി. ക്രാഫ്റ്റ് ആൻഡ് ഫ്ലവർ അറേഞ്ച്മെന്റ് വിഭാഗത്തിൽ ഫാം തൊഴിലാളിയായ സത്യഭാമയ്ക്കാണ് ഒന്നാം സ്ഥാനം. ഫാം ജീവനക്കാരുടെയും പ്രദേശവാസികളുടെയും കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.

നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രത്നാകുമാരി, ബി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ. ആശ, ഫാം സൂപ്രണ്ട് പി. സാജിദലി എന്നിവരും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും പരിപാടിയിൽ സംബന്ധിച്ചു. കാർഷിക പ്രദർശനം കാണുന്നതിനും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുമായി നിരവധി ആളുകളാണ് ആദ്യദിനം നെല്ലിയാമ്പതിയിൽ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *