മാതാപിതാക്കളുടെ കരിയറിന് കരുത്തായി ‘പേരന്റ് പാത്ത്‌വേയ്സ്’; പദ്ധതിയിലൂടെ നേട്ടം കൊയ്തത് 30,000 പേർ

കാൻബറ: ഓസ്‌ട്രേലിയയിൽ കൊച്ചു കുട്ടികളെ വളർത്തുന്ന മാതാപിതാക്കളെ തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ ശാക്തീകരിക്കുന്നതിനായി അൽബാനീസ് സർക്കാർ ആവിഷ്കരിച്ച ‘പേരന്റ് പാത്ത്‌വേയ്സ്’ (Parent Pathways) പദ്ധതി വൻ വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ 30,000-ത്തിലധികം മാതാപിതാക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ആറ് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും അവരെ പരിപാലിക്കുന്നവർക്കുമായാണ് ഈ പ്രത്യേക പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കുട്ടികളുടെ കാര്യങ്ങൾക്കും കുടുംബജീവിതത്തിനും തടസ്സമില്ലാത്ത രീതിയിൽ മാതാപിതാക്കളുടെ കരിയർ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ഭാഷാ പഠനം, കരിയർ ഗൈഡൻസ്, സാമ്പത്തിക ഉപദേശങ്ങൾ എന്നിവയ്ക്ക് പുറമെ പഠനാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വാങ്ങാനും കുട്ടികളെ നോക്കുന്നതിനുള്ള ചൈൽഡ് കെയർ സൗകര്യങ്ങൾക്കും സർക്കാർ പിന്തുണ നൽകുന്നുണ്ട്. വിവിധ കമ്മ്യൂണിറ്റി സംഘടനകളുടെയും മാതാപിതാക്കളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് പദ്ധതിക്ക് രൂപം നൽകിയത്.

മാതാപിതാക്കളുടെ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്ന ‘ഫ്ലെക്സിബിൾ’ ആയ പ്രവർത്തന രീതിയാണ് പദ്ധതിയുടെ വിജയത്തിന് പിന്നിലെന്ന് തൊഴിൽ മന്ത്രി അമാൻഡ റിഷ്‌വർത്ത് പറഞ്ഞു. തൊഴിൽ മേഖലയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാന തടസ്സങ്ങൾ നീക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് മന്ത്രി പാട്രിക് ഗോർമനും വ്യക്തമാക്കി. സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് പ്രവാസി മലയാളി കുടുംബങ്ങൾക്കും ഈ പദ്ധതി വലിയൊരു കൈത്താങ്ങാവുകയാണ്

Leave a Reply

Your email address will not be published. Required fields are marked *