ഏഴല്ലൂർ ആനപ്പാറയിൽ കാട്ടുതീ: റബർ തോട്ടങ്ങൾ നശിച്ചു; കിലോമീറ്ററുകൾ താണ്ടി അഗ്നിശമനസേന തീയണച്ചു

തൊടുപുഴ: കോടിക്കുളം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപ്പെട്ട ഈസ്റ്റ് കലൂർ ആനപ്പാറയിൽ കനത്ത കാട്ടുതീ പടർന്നുപിടിച്ചു. മലമുകളിൽ നിന്ന് പടർന്ന തീ സമീപത്തെ റബർ തോട്ടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിച്ചു. തൊടുപുഴയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമനസേന എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഗ്രേഡ് സ്റ്റേഷൻ ഓഫീസർമാരായ സാദിഖ് ടി.എച്ച്, ബിജു പി. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ ദുർഘടമായ മലമുകളിലായതിനാൽ ഫയർ എഞ്ചിനുകൾക്ക് സംഭവസ്ഥലത്തേക്ക് എത്താൻ സാധിച്ചില്ല. തുടർന്ന് ഉദ്യോഗസ്ഥർ കാൽനടയായി മലമുകളിൽ എത്തി ഫയർ ബീറ്ററുകൾ ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയും, ഏകദേശം 50 മീറ്ററോളം ദൂരത്തിൽ ‘ഫയർലൈൻ’ തെളിച്ച് തീ പടരുന്നത് തടയുകയുമായിരുന്നു.

സമീപവാസികളായ സലി വെള്ളിക്കുളം, സത്താർ വള്ളിക്കുളം, ജോളി കൊച്ചുപുര എന്നിവരുടെ പുരയിടങ്ങളിലേക്ക് തീ പടർന്നു കയറി. സലി വെള്ളിക്കുളത്തിന്റെ പത്തോളം റബർ മരങ്ങൾ തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. ഏഴല്ലൂർ മലയുടെ മുകൾഭാഗത്ത് തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധരാണ് തീപിടുത്തത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു. ഈ വർഷം ജനുവരിക്ക് ശേഷം രണ്ടാമത്തെ തവണയാണ് ഈ പ്രദേശത്ത് ഇത്തരത്തിൽ തീപിടുത്തമുണ്ടാകുന്നത്.

അഗ്നിശമന സേനാംഗങ്ങളായ വിവേക്, സച്ചിൻ, ആഷിക്, നാസർ, ബെന്നി, സണ്ണി, ഷാജി, ജോബി, ലിബിൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

Leave a Reply

Your email address will not be published. Required fields are marked *