ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ തൊഴിൽ മേഖലകളിൽ വലിയ ചലനമുണ്ടാക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കരാർ യാഥാർത്ഥ്യമാകുന്നതോടെ വിവിധ ഉൽപ്പാദന-സേവന മേഖലകളിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകത്തെ ഏറ്റവും വലിയ വിപണിയായ അമേരിക്കയിൽ കൂടുതൽ സ്വീകാര്യതയും അവസരങ്ങളും ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കും. കാർഷിക ഉൽപ്പന്നങ്ങൾ, ടെക്സ്റ്റൈൽസ്, ഐടി മേഖല തുടങ്ങിയവയ്ക്ക് കരാർ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ ബ്രാൻഡുകൾക്ക് വലിയ മത്സരക്ഷമത കൈവരിക്കാൻ ഇത്തരം ധാരണകൾ വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വ്യാപാര തടസ്സങ്ങൾ നീങ്ങുന്നതോടെ കയറ്റുമതി വർദ്ധിക്കുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുമെന്നും പിയൂഷ് ഗോയൽ പ്രത്യാശ പ്രകടിപ്പിച്ചു.

