കോട്ടയം: ഒൻപത് മാസമായി മേധാവിയില്ലാതെ അനാഥമായി കിടക്കുന്ന കോട്ടയം ആർടിഒ ഓഫീസിൽ പുതിയ ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2025 മേയ് 31-ന് അന്നത്തെ ആർടിഒ അജിത് കുമാർ കൊല്ലത്തേക്ക് സ്ഥലം മാറിപ്പോയതിന് ശേഷം ഇവിടെ സ്ഥിരം നിയമനം നടന്നിട്ടില്ല. ഇതോടെ ഓഫീസിന്റെ പ്രവർത്തനം പൂർണ്ണമായും അവതാളത്തിലായിരിക്കുകയാണ്.
നിലവിൽ പത്തനംതിട്ട ആർടിഒ ആഴ്ചയിൽ ഒരു ദിവസം കോട്ടയത്തെത്തിയാണ് അടിയന്തര ഫയലുകളിൽ തീർപ്പുകൽപ്പിക്കുന്നത്. എന്നാൽ ഈ താൽക്കാലിക സംവിധാനം പ്രായോഗികമല്ലെന്ന് ബസ്സുടമകൾ ചൂണ്ടിക്കാട്ടുന്നു. ജോയിന്റ് ആർടിഒയ്ക്ക് സാങ്കേതിക യോഗ്യത ഇല്ലാത്തതിനാൽ പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (CF) ലഭിക്കുന്നതിന് വലിയ പ്രയാസമാണ് നേരിടുന്നത്. ഇത് ഗതാഗത മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രതിസന്ധികൾ രൂക്ഷം: ഒരു വർഷമായി ആർടിഎ (RTA) ബോർഡ് യോഗം ചേരാത്തതിനാൽ ബസ്സുടമകളുടെ നിരവധി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. സ്വകാര്യ ബസ്സുകളുടെ സമയക്രമത്തെ (Time Schedule) ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ല. ഇതിനെത്തുടർന്ന് ബസ് തൊഴിലാളികൾ റോഡിൽ പരസ്പരം ഏറ്റുമുട്ടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
വിഷയം ഗൗരവകരമാണെന്ന് കാട്ടി ജില്ലാ വികസന സമിതിയിലും താലൂക്ക് വികസന സമിതിയിലും എംപിമാർ, എംഎൽഎമാർ എന്നിവർ മുഖേന പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് പുതിയ ആർടിഒയെ നിയമിക്കണമെന്നാണ് ആവശ്യം.
സംഘടനയുടെ ജില്ലാ കമ്മിറ്റി യോഗം എ.സി. സത്യന്റെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. റോണി ജോസഫ്, ആൽവിൻ ജോസഫ്, ജോസഫ് ജേക്കബ്, ജോൺ മാത്യു, കെ.ജെ. ജോസഫ്, സാജു മൈക്കിൾ, സേവ്യർ ജോസഫ്, ചാക്കോച്ചൻ ജോസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

