പെർത്ത്: ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി വൺ നേഷൻ പാർട്ടി നേതാവും ഓസ്ട്രേലിയൻ സെനറ്ററുമായ പോളിൻ ഹാൻസൺ. വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിൽ നടന്ന ലീഡർഷിപ്പ് മാറ്റേഴ്സ് പരിപാടിയിൽ സംസാരിക്കവെയാണ് അവർ ഈ പരാമർശങ്ങൾ നടത്തിയത്. ലണ്ടനിൽ നടന്ന മറ്റൊരു ചടങ്ങിൽ, കുടിയേറ്റക്കാർ യുകെയെ തകർത്തതുപോലെ ഓസ്ട്രേലിയയെയും തകർക്കുകയാണെന്ന് അവർ ആരോപിച്ചിരുന്നു.
തീവ്ര ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണമെന്നും രാജ്യത്ത് വർദ്ധിച്ചുവരുന്ന ജൂതവിരുദ്ധതയും വെറുപ്പും അംഗീകരിക്കാനാവില്ലെന്നും ഹാൻസൺ പറഞ്ഞു. ഈ നീക്കം പഴയ ‘വൈറ്റ് ഓസ്ട്രേലിയ’ നയത്തിന്റെ (White Australia policy) പുതിയ രൂപമാണോ എന്ന ചോദ്യത്തോട് അവർ രൂക്ഷമായാണ് പ്രതികരിച്ചത്. അതിന് വംശീയ നയങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ അവർ, ഓസ്ട്രേലിയയിലേക്ക് എത്തുന്ന മുസ്ലിം വിഭാഗക്കാർക്കായി പ്രത്യേക ‘ടെസ്റ്റ്’ വേണമെന്നും ആവശ്യപ്പെട്ടു.
പാലസ്തീൻ അഭയാർത്ഥികൾക്ക് താൽക്കാലിക വിസ നൽകിയ നടപടിയെയും അവർ വിമർശിച്ചു. കേവലം 24 മണിക്കൂർ പരിശോധന മാത്രം നടത്തിയാണ് ഇവർക്ക് വിസ നൽകിയതെന്നായിരുന്നു ഹാൻസന്റെ വാദം. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് ഓസ്ട്രേലിയൻ അധികൃതർ വ്യക്തമാക്കി. ഗാസ സംഘർഷ ത്തിന്റെ തുടക്കത്തിൽ അപേക്ഷകളിൽ ശരാശരി 7 ദിവസത്തെ അന്വേഷണവും, മൊത്തത്തിൽ 4 മാസ ത്തോളം സമയവും എടുത്തിട്ടുണ്ടെന്നും 70 ശതമാനത്തിലധികം അപേക്ഷകളും നിരസിക്കുകയാണുണ്ടായ തെന്നും അധികൃതർ അറിയിച്ചു.യൂറോപ്യൻ രാജ്യങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയ അവർ, ബുർഖ ഉൾപ്പെടെയുള്ള ആചാരങ്ങൾ ഓസ്ട്രേലിയൻ സംസ്കാരത്തിന് ചേർന്നതല്ലെന്നും കൂട്ടിച്ചേർത്തു.

