അങ്കമാലി: തളർന്നുപോയ ശരീരത്തെ സാഹിത്യം കൊണ്ട് അതിജീവിച്ച മായ ബാലകൃഷ്ണന്റെ മനക്കരുത്തിന് മുന്നിൽ സർക്കാർ ആദരമർപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം അങ്കമാലി നായത്തോട് സ്വദേശിനിയായ മായയുടെ വീട്ടിലെത്തി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നേരിട്ട് കൈമാറി.
സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ‘സവിശേഷം’ ഭിന്നശേഷി കലോത്സവത്തിലെ കവിതാ മത്സരത്തിലാണ് മായയുടെ ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന കവിതാ സമാഹാരത്തിന് പുരസ്‌കാരം ലഭിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ മായയ്ക്ക് കഴിഞ്ഞിരുന്നില്ല.തനിക്ക് നേരിട്ട് പുരസ്കാരം ഏറ്റുവാങ്ങാൻ ആഗ്രഹമുണ്ടെന്നും, അങ്കമാലിയിലോ സമീപത്തോ നടക്കുന്ന ഏതെങ്കിലും പരിപാടിയിൽ വെച്ച് പുരസ്കാരം നൽകാൻ കഴിയുമോ എന്ന് അഭ്യർത്ഥിച്ചുകൊണ്ട് മായ മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. മായ എഴുതിയ കത്ത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രി നേരിട്ടെത്താൻ തീരുമാനിച്ചത്. പതിനായിരം രൂപയും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം.


35 വർഷമായി ശയ്യാവലംബിയായി കഴിയുമ്പോഴും അതീവ സംവേദനക്ഷമതയോടെ കവിതകൾ രചിക്കുന്ന മായയുടെ സർഗ്ഗശേഷി അത്ഭുതപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗക്കാർക്കായി ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സാഹിത്യ പുരസ്‌കാരം നൽകുന്നത്. ഈ ഔദ്യോഗിക പുരസ്‌കാരം മായയെപ്പോലൊരു പ്രതിഭയ്ക്ക് നേരിട്ട് നൽകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് മന്ത്രി കൂട്ടിചേർത്തു.
ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണിതെന്ന് മായ ബാലകൃഷ്ണൻ പ്രതികരിച്ചു. ഇതിനുമുൻപും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അതെല്ലാം പോസ്റ്റൽ വഴിയോ പ്രതിനിധികൾ വഴിയോ ആയിരുന്നു കൈപ്പറ്റിയത്. തന്റെ ആഗ്രഹം മാനിച്ച് മന്ത്രി വീട്ടിലെത്തിയതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് മായ പറഞ്ഞു.
35 വർഷമായി റുമാറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ച് കിടപ്പിലായ മായ, സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സാഹിത്യലോകത്ത് സജീവമായത്. ‘തുടികൊട്ട്’, ‘നിഷ്കാസിതരുടെ ആരൂഢം’ തുടങ്ങിയ കവിതാ സമാഹാരങ്ങളും ‘മായക്കാലം’ എന്ന ആത്മകഥയും ഉൾപ്പെടെ നിരവധി കൃതികൾ മായയുടേതായുണ്ട്. അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്താ പോൾ ചടങ്ങിൽ അധ്യക്ഷയായി. കവി രാവുണ്ണി മാഷ്, ഡോ. അജയ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

