‘ജനനായകൻ’ നിയമപോരാട്ടം അവസാനിക്കുന്നു; സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് നിർമ്മാതാക്കൾ

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾക്ക് അന്ത്യം. സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിക്കാൻ മദ്രാസ് ഹൈക്കോടതി നിർമ്മാതാക്കൾക്ക് അനുമതി നൽകി. ചൊവ്വാഴ്ച രാവിലെ ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ചാണ് നിർണ്ണായകമായ ഈ കേസ് പരിഗണിച്ചത്. ഹർജി പിൻവലിച്ചതോടെ, സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിയിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

സെൻസർ ബോർഡ് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതിനെ ചോദ്യം ചെയ്ത് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസാണ് നേരത്തെ റിട്ട് ഹർജി സമർപ്പിച്ചത്. എന്നാൽ, നിയമപോരാട്ടം നീണ്ടുപോകുന്നത് ചിത്രത്തിന്റെ റിലീസിനെ ഇനിയും വൈകിപ്പിക്കുമെന്ന് കണ്ട് ഹർജി പിൻവലിക്കാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു. നിർമ്മാതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിജയൻ സുബ്രഹ്മണ്യൻ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു.

എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ ജനുവരി 9-ന് പൊങ്കൽ റിലീസായി എത്തേണ്ടതായിരുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന് വിട്ടുനൽകാൻ നിർമ്മാതാക്കൾ തയ്യാറായത്. കമ്മിറ്റിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കും

Leave a Reply

Your email address will not be published. Required fields are marked *