രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് തടയിടാൻ വാട്ട്‌സ്ആപ്പിൽ ‘സിം ബൈൻഡിംഗ്’ (SIM Binding) സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ.വ്യാജ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിൻ്റെ ഭാഗമായി വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളെ ഫോണിലെ സിം കാർഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്.
നിലവിൽ ലോകത്തെവിടെയിരുന്നും ഏത് നമ്പറിലും വാട്ട്‌സ്ആപ്പ് ആക്റ്റിവേറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ സിം ബൈൻഡിംഗ് വരുന്നതോടെ, ഏത് ഫോണിലാണോ സിം കാർഡ് ഉള്ളത് ആ ഫോണിൽ മാത്രമേ ആ നമ്പറിലുള്ള വാട്ട്‌സ്ആപ്പ് പ്രവർത്തിക്കൂ.വിദേശ രാജ്യങ്ങളിൽ ഇരുന്നോ വിർച്വൽ നമ്പറുകൾ ഉപയോഗിച്ചോ ഇന്ത്യക്കാരെ കബളിപ്പിക്കുന്നത് ഇതോടെ പ്രയാസകരമാകും. ഒരു ഫോണിലെ സിം ഉപയോഗിച്ച് മറ്റൊരു ഉപകരണത്തിൽ ലോഗിൻ ചെയ്യുന്നത് നിയന്ത്രിക്കപ്പെടും.ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിലാണ് സുപ്രധാന വിവരം ഉള്ളത്.

