വോട്ടർപട്ടിക പുതുക്കൽ: എസ്.ഐ.ആർ നടപടികൾ വേഗത്തിൽ; ഇടമലക്കുടി സന്ദർശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ഇടുക്കി: സംസ്ഥാനത്തെ വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ – Special Intensive Revision) നടപടികൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. നിശ്ചയിച്ച സമയപരിധിക്ക് രണ്ട് ദിവസം മുൻപേ നടപടികൾ പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ ഗോത്രവർഗ്ഗ മേഖലയായ ഇടമലക്കുടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഹിയറിങ് ഉൾപ്പെടെയുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഇതിനോടകം തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ നടപടികൾ നൂറു ശതമാനം പൂർത്തിയായിട്ടുണ്ട്. വോട്ടർപട്ടികയിലെ ഇരട്ടിപ്പുകൾ ഒഴിവാക്കാനും, മരിച്ചവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുമുള്ള കർശന പരിശോധനയാണ് നടക്കുന്നത്.

അർഹരായ എല്ലാവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനുള്ള ഹിയറിങ് നടപടികൾ ഫെബ്രുവരി 12-ഓടെ പൂർത്തിയാക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. വോട്ടർപട്ടികയുടെ അന്തിമരൂപം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *