ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചകൾക്ക് ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകി. രാജ്യത്തിന്റെ സുസ്ഥിരമായ വളർച്ച ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തിനാണ് ബജറ്റിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന വർഷങ്ങളിൽ വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള ചാലകശക്തിയായി ഈ ബജറ്റ് മാറുമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ സാമ്പത്തിക വർഷം അടിസ്ഥാന സൗകര്യ വികസനത്തിനും മൂലധനച്ചെലവിനുമായി (12.2 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 11.5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനങ്ങളുടെ വിഹിതം കൂടി ചേരുമ്പോൾ രാജ്യത്തെ ആകെ ഫലപ്രദമായ മൂലധനച്ചെലവ് 17.1 ലക്ഷം കോടി രൂപയാകുമെന്നും ധനമന്ത്രി അറിയിച്ചു.
ചെറുകിട-ഇടത്തരം വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. എംഎസ്എംഇകൾക്ക് സാമ്പത്തിക വളർച്ച കൈവരിക്കാൻ സഹായിക്കുന്നതിനായി 10,000 കോടി രൂപയുടെ ‘SME Growth Fund’ മന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ വികസനം കൂടി സംയോജിപ്പിക്കുമെന്നും വ്യവസായ ക്ലസ്റ്ററുകൾക്ക് സമീപം മെഗാ സംരംഭകത്വ ഹബുകൾ സ്ഥാപിക്കുമെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.
ബയോഫാർമ, ടെക്സ്റ്റൈൽ, ഖനനം തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്ക് ബജറ്റിൽ നൽകിയിരിക്കുന്ന പ്രത്യേക പരിഗണന രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ സഹായിക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അപൂർവ ധാതുക്കളുടെ ഖനനത്തിനായി പ്രത്യേക ഇടനാഴി വികസിപ്പിക്കുമെന്നും റെയിൽവേ മേഖലയിൽ ഉത്തർപ്രദേശിലെ വാരാണസിയെ പ്രധാന ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി സഭയെ അറിയിച്ചു

